അക്കൗണ്ട് ക്ലോസായതെങ്ങനെ?...കേന്ദ്ര നേതാക്കളുടെ ചോദ്യത്തില്‍ ഉത്തരം മുട്ടി സുരേന്ദ്രനും മുരളീധരനും

അക്കൗണ്ട് ക്ലോസായതെങ്ങനെ?...കേന്ദ്ര നേതാക്കളുടെ ചോദ്യത്തില്‍ ഉത്തരം മുട്ടി സുരേന്ദ്രനും മുരളീധരനും

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായത് എങ്ങനെയെന്ന് കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കേണ്ട വിഷമ ഘട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ വന്ന പാളിച്ചകള്‍ ചൂണ്ടിക്കാട്ടി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മുരളീധര വിരുദ്ധപക്ഷം. ഇതിന് മുന്നോടിയായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ആദ്യവെടി പൊട്ടിച്ചു. കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതിനെതിരെ സംസ്ഥാന നേതാക്കളിലൊരാളായ എ.എന്‍ രാധാകൃഷ്ണനും രംഗത്തെത്തി. വൈകാതെ സംസ്ഥാന സമിതി പുനഃസംഘടനയ്ക്കും സാധ്യതയേറി.

ആളും അര്‍ത്ഥവും നല്‍കി ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചാരണത്തിനിറങ്ങി. സംസ്ഥാന നേതൃത്വത്തെയും വി.മുരളീധരനെയും വിശ്വാസത്തിലെടുത്തായിരുന്നു ഈ പിന്തുണ.

എന്നിട്ടും ആകെ ഉണ്ടായിരുന്ന ഒരുസീറ്റുകൂടി കളഞ്ഞുകുളിച്ചു. പണിപ്പെട്ട് തുറന്ന അക്കൗണ്ട് എങ്ങനെ പോയി? സാധ്യതയുള്ള മണ്ഡലങ്ങളില്‍ എന്തുകൊണ്ട് ജയം നേടാനായില്ല? ഇതിനൊക്കെ സംസ്ഥാന നേതൃത്വം ഉത്തരം പറയേണ്ടിവരും. തോല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ ഇടഞ്ഞുമാറി നില്‍ക്കുന്ന മറുപക്ഷത്തിലെ കൂടുതല്‍ പേര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വന്നേക്കാം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി പ്രചാരണത്തില്‍നിന്ന് അകന്നുനിന്ന ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായെങ്കിലും അപ്പോഴേക്കും എതിരാളികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിയിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയെത്തിയതും വളരെ വൈകി. തലശേരിയിലും ഗുരുവായൂരും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രികതന്നെ തള്ളിപ്പോയതു നാണക്കേടായി.

ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിരുന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ തുറന്നുപറച്ചിലും വിനയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുരേന്ദ്രന്‍ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചതും മഞ്ചേശ്വരത്തെ സാധ്യത കുറച്ചു.

തിരുവല്ലയില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന അനൂപ് ആന്റണിയെ അമ്പലപ്പുഴയിലാണ് നിര്‍ത്തിയത്. ചെങ്ങന്നൂരില്‍ സ്വാധീനമുണ്ടായിരുന്ന സന്ദീപ് വാചസ്പതിയെ ആലപ്പുഴയില്‍ മത്സരിപ്പിച്ചു. അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാനായതുമില്ല. ഈ സാഹചര്യത്തില്‍ ഓരോ മണ്ഡലത്തിലെയും പരാജയ കാരണങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കേണ്ടി വരും



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.