മന്ത്രിസ്ഥാനങ്ങള്‍ക്കായി മുന്നണിയില്‍ സമ്മര്‍ദ്ദം; ഘടക കക്ഷികള്‍ക്കിടയില്‍ തര്‍ക്കം

മന്ത്രിസ്ഥാനങ്ങള്‍ക്കായി മുന്നണിയില്‍ സമ്മര്‍ദ്ദം; ഘടക കക്ഷികള്‍ക്കിടയില്‍ തര്‍ക്കം

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയിലും ഘടക കക്ഷികള്‍ക്കിടയിലും തര്‍ക്കം മുറുകുന്നു. ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ വരെ മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം അത്തരം ആവശ്യങ്ങള്‍ക്ക് ഇതുവരെ ചെവി കൊടുത്തിട്ടില്ല.

എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്നത് ഇടത് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറു പാര്‍ട്ടികള്‍ക്ക് മന്ത്രി സഭയിലേക്ക് വഴി തുറക്കാനുള്ള സാധ്യത കുറവാണ്.

രണ്ടു മന്ത്രിസ്ഥാനം വേണമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ തോറ്റെങ്കിലും അഞ്ചു പേരെ ജയിപ്പിച്ച കേരള കോണ്‍ഗ്രസിന്റെ ആവശ്യം. പതിനേഴു പേരെ ജയിപ്പിച്ച സിപിഐ ആവശ്യപ്പെടുന്നത് കുറഞ്ഞത് നാല് മന്ത്രിസ്ഥാനമാണ്. സിപിഎമ്മിനും സിപിഐയ്ക്കും പുറമേ കേരള കോണ്‍ഗ്രസ്, ജനതാ ദള്‍, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കായിരിക്കും മന്ത്രിസഭാ പ്രാതിനിധ്യം. കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനം നല്‍കിയാല്‍ റോഷി അഗസ്റ്റിനും എന്‍ ജയരാജും മന്ത്രിമാരാവും. ഒന്നേ ഉള്ളൂവെങ്കില്‍ ഇവരില്‍ ആരു വേണമെന്ന തര്‍ക്കം പാര്‍ട്ടിയിലുണ്ട്.

എന്‍സിപിയില്‍ എ.കെ ശശീന്ദ്രന്‍ വേണോ തോമസ് കെ തോമസ് വേണോയെന്ന തര്‍ക്കത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കും. ഇരുവര്‍ക്കുമായുള്ള തര്‍ക്കം ശക്തമായതോടെയാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്റെ പിന്തുണ ശശീന്ദ്രനാണെന്ന് കരുതപ്പെടുന്നു. ജനതാദളില്‍ മാത്യു ടി തോമസോ കെ കൃഷ്ണന്‍ കുട്ടിയോ എന്ന കാര്യത്തിലും ദേശീയ നേതൃത്വമാവും തീരുമാനമെടുക്കുക.

ഒരൂ നിയമസഭാംഗം മാത്രമുള്ള ഘടകകക്ഷികള്‍ക്ക് ഇത്തവണ മന്ത്രിസഭാ പ്രാതിനിധ്യത്തിന് സാധ്യത കുറഞ്ഞതിനാല്‍ കടന്നപ്പള്ളി രാമചന്ദ്രനും ഇക്കുറി പുറത്തു നില്‍ക്കേണ്ടി വരും. കോണ്‍ഗ്രസ് എസിനെ കൂടാതെ എല്‍ജെഡി, കേരള കോണ്‍ഗ്രസ് (ബി), ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി (എല്‍) എന്നീ പാര്‍ട്ടികളാണ് സിംഗിള്‍ എംഎല്‍എമാരുമായി മുന്നണിയിലുള്ളത്. ഇവര്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കിയാല്‍ ജംബോ മന്ത്രിസഭയെന്ന പേരുദോഷം സിപിഎം മുന്നില്‍ കാണുന്നുണ്ട്. മത്രമല്ല, കനത്ത ഭൂരിപക്ഷം മുന്നണിയ്ക്കുള്ളതിനാല്‍ ചെറു പാര്‍ട്ടികളുടെ ഭീഷണിയ്ക്ക് കാര്യമായ പ്രസക്തിയുമില്ല.

കോണ്‍ഗ്രസ് എസിന്റെ ഏക എംഎല്‍എ ആയിട്ടും സീനിയോരിറ്റി കണക്കിലെടുത്ത് കഴിഞ്ഞ തവണ കടന്നപ്പള്ളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. വലിയ പ്രാധാന്യമില്ലാത്ത തുറമുഖ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്. കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ ആയ കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയതുമില്ല.

ഒറ്റയാള്‍ പാര്‍ട്ടികള്‍ക്കു മന്ത്രിസ്ഥാനം കൊടുക്കുന്നത് കൂടുതല്‍ പേരെ ജയിപ്പിച്ച പാര്‍ട്ടികളുടെ വിഹിതത്തില്‍ വലിയ കുറവു വരുത്തുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്. ആകെ ഇരുപത്തിയൊന്ന് മന്ത്രിസ്ഥാനമാണ് അനുവദനീയമായിട്ടുള്ളത്. കഴിഞ്ഞ തവണ തുടക്കത്തില്‍ 19 ആയിരുന്നു. പിന്നീട് ഒരു മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.