ഇത്തവണയുമെത്തി, അജ്ഞാതനായ ആ മനുഷ്യന്റെ കാരുണ്യസ്പർശം

ഇത്തവണയുമെത്തി, അജ്ഞാതനായ ആ മനുഷ്യന്റെ കാരുണ്യസ്പർശം

ദുബായ് : റമദാനിൽ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന അജ്ഞാതനായ യുവാവിന്റെ കാരുണ്യ പ്രവർത്തനം വീണ്ടും അറബ് ലോകത്ത് ചർച്ചയാകുന്നു. വേദനിക്കുന്നവരുടെ അരികിലെത്തി അവർക്ക് വേണ്ടത് നൽകി സങ്കടം തീർത്തു മുഖം നൽകാതെ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന അജ്ഞാതനായ യുവാവിന്റെ കാരുണ്യ പ്രവർത്തനമാണ് ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ഇദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന നല്ല പ്രവർത്തികളിൽ രാജ്യത്തെ നിരവധി പേരുടെ പിന്തുണയുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ് വഴി ആർക്കും ഈ അജ്ഞാതന്റെ നന്മകളിൽ പങ്കാളിയാകാം.


ഈ യുവാവിന്റെ സേവന പ്രവർത്തനം അബുദാബി ടിവിയും, സാമൂഹിക മാധ്യമങ്ങളും "ഖൽബീ ഇത്ത് മ അൻ" എന്ന പേരിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.പക്ഷെ പ്രേക്ഷകർക്ക് എവിടെയും ഇദ്ദേഹം തന്റെ മുഖം നൽകാറില്ല. യുഎഇ- ദാന വർഷം ആഘോഷിച്ച 2017 ലാണ് ആദ്യമായി ഈ അജ്ഞാതൻ പ്രത്യക്ഷപ്പെട്ടത്. ലോകത്ത് എവിടെയും സ്നേഹസ്പർശവുമായി എത്തുന്നു യുവാവ് അറബ് ലോകത്തിന്റെ മനസ് ഇതിനകം കീഴടക്കിക്കഴിഞ്ഞു. മുൻകാല വർഷങ്ങളിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ഈ യുവാവ് ഇത്തവണ പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന പദ്ധതിയുമായാണ് എത്തിയിരിക്കുന്നത്.


ലോകത്തെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളെ പിന്തുണക്കുക, അനാഥ വിദ്യാർഥികൾക്കും സ്കൂൾ ഫീസ് അടക്കാൻ കഴിയാത്തവർക്കും പഠനം പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുക, കുട്ടികളുടെ പഠന ചിലവ് നിയന്ത്രിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന വിവിധ തൊഴിലവസരങ്ങൾക്ക് സഹായം നൽകുക,തുടങ്ങിയ സേവനപ്രവർത്തനങ്ങളുമായാണ് പാവപ്പെട്ടവരെ ഇദ്ദേഹം പിന്തുണക്കുന്നത്.


വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ഈ അജ്ഞാതന്റെ യാത്രയിൽ ഇതിനകം നിരവധി പേർക്കാണ് സഹായഹസ്തം ലഭിച്ചത്. പ്രകൃതിക്ഷോഭം കൊണ്ട് സ്കൂളിലേക്കുള്ള പാലം തകർന്നപ്പോൾ അത് പുനർനിർമ്മിച്ചു നൂറുകണക്കിന് കുട്ടികൾക്ക് വീണ്ടും വിദ്യാലയത്തിൽ എത്താൻ അവസരമെരുക്കി. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന് അത് എല്ലാവർക്കും ലഭ്യമായിരിക്കണം എന്നതാണ്. നിരക്ഷരത ഒരു പ്രശ്നമാണെങ്കിൽ അതിനെക്കുറിച്ച് മൗനം പാലിക്കുന്നത് കുറ്റകരമാണന്നാണ് ഈ യുവാവ് ലോകത്തോട് പറയുന്നത്.

വിദ്യാഭ്യാസം നേടാത്ത ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കാനും അനാഥകൾക്ക് കൈത്താങ്ങാവാനും വേണ്ടി പുതിയ സംരംഭത്തിന് യുവാവ് തുടക്കമിട്ടു . ലോകത്തെവിടെയും സഹായഹസ്തവുമായി എത്തുന്ന അജ്ഞാതനെ കുറിച്ച് അറബ് ലോകം ഒന്നടങ്കം ചോദിക്കുന്നു. ആരാണയാൾ....

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.