കോവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ ഉപേക്ഷിച്ചു

കോവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ ഉപേക്ഷിച്ചു

മുംബൈ: ഐപിഎല്‍ ടീമംഗങ്ങള്‍ക്കിടയില്‍ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബോര്‍ഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വാര്‍ത്ത ഏജന്‍സിയോട് ഇക്കാര്യം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണിത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്‌നിലായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍. ബാലാജിക്ക് ഇന്ന് കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്രയ്ക്കും ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്ലില്‍ ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചിരുന്നു.

കൂടാതെ ചെന്നൈ താരങ്ങള്‍ക്ക് ഇനി ആറു ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ കളിക്കളത്തില്‍ ഇറങ്ങാനാകൂ എന്ന അവസ്ഥയിലായിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ ടീമുകളിലെ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ടൂര്‍ണമെന്റ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.