ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള പ്രതിരോധ മരുന്നായ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നഴ്സ് ഉള്‍പ്പെടെ നാലു പേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. ഡല്‍ഹി മൂല്‍ചന്ദ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സായ ലളിതേഷ് ചൗഹാന്‍(24) ,ഇവരുടെ സുഹൃത്ത് ശുഭം പട്നായിക്(23), സഹായികളായ വിശാല്‍ കശ്യപ്(22), വിപുല്‍ വര്‍മ(29) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്ക് ഇന്‍ജക്ഷന്‍ വില്‍ക്കാനെത്തിയ വിപുലിനെയാണ് പോലീസ് സംഘം ആദ്യം പിടികൂടിയത്. ഇയാള്‍ അനധികൃതമായി റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ വില്‍ക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരം കിട്ടിയതിനെ തുടര്‍ന്ന് പിതാംപുരയില്‍ ഇന്‍ജക്ഷന്‍ വില്‍ക്കാനായി എത്തിയപ്പോഴാണ് കുടുങ്ങിയത് . ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്.
ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ഇന്‍ജക്ഷനാണ് ലളിതേഷ് ചൗഹാന്‍ മോഷ്ടിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഇത് ഉയര്‍ന്ന വിലയ്ക്ക് കരിഞ്ചന്തയില്‍ വിറ്റഴിച്ചെന്നും പോലീസ് വെളിപ്പെടുത്തി
ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ലളിതേഷ് ചൗഹാനാണ് സംഘത്തിന് റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ മോഷ്ടിച്ച് കൈമാറുന്നത്. ഇന്‍ജക്ഷന്‍ ഉപയോഗിച്ചെന്ന കൃത്രിമരേഖയുണ്ടാക്കി ചികിത്സയിലുള്ളവരുടേതും ഇവര്‍ മോഷ്ടിച്ചിരുന്നു. ഇത് പിന്നീട് സുഹൃത്തായ ശുഭം പട്നായിക്കിന് കൈമാറും. ഇയാള്‍ മറ്റു രണ്ടു പേര്‍ക്ക് ഒരു ഇന്‍ജക്ഷന് 25,000 മുതല്‍ 35,000 രൂപ വരെ ഈടാക്കി വിറ്റഴിക്കും . വിപുലും വിശാലും ഇത് പിന്നീട് 50,000 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റിരുന്നത്.
കോവിഡ് കേസുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ റെംഡെസിവിര്‍ ഇന്‍ജക്ഷനും ഓക്സിജന്‍ സിലിന്‍ഡറുകളും കരിഞ്ചന്തയില്‍ ഉയര്‍ന്ന വില ഈടാക്കി വില്‍പന നടത്തുന്നത് ഡല്‍ഹിയില്‍ വ്യാപകമായിരിക്കുകയാണ്. ഇതുവരെ 49 കേസുകളാണ് ഇതു സംബന്ധിച്ച് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.