കൂട്ടത്തോല്‍വിയുടെ ഭാരം ഒറ്റയ്ക്ക് ഏറ്റെടുത്ത് സ്വയം മാറില്ലെന്ന നിലപാടുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂട്ടത്തോല്‍വിയുടെ ഭാരം ഒറ്റയ്ക്ക് ഏറ്റെടുത്ത് സ്വയം മാറില്ലെന്ന നിലപാടുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നേതൃമാറ്റത്തിനായുള്ള മുറവിളി ശക്തമാണെങ്കിലും സ്വയം മാറില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത മുല്ലപ്പള്ളി, ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. അതേസമയം പാര്‍ട്ടി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും മാറ്റത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കും.

പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. കനത്ത തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകള്‍ കെപിസിസി അധ്യക്ഷന്‍ തള്ളുകയാണ്. പോരാട്ടത്തില്‍ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. അപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്റെ ക്രെഡിറ്റ് തനിക്കാരും തന്നില്ലെന്ന പരിഭവവും അദ്ദേഹം ഉള്ളിലൊതുക്കുന്നു.

പക്ഷേ സ്വയം മാറില്ലെന്ന നിലപാടെടുക്കുമ്പോഴും മുല്ലപ്പള്ളിയെ മാറ്റുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കും. അസമിലെ തോല്‍വിക്ക് പിന്നാലെ അവിടുത്തെ പിസിസി അധ്യക്ഷന്‍ സ്വയം രാജിവെച്ചാഴിഞ്ഞു. അതേ മാതൃക മുല്ലപ്പള്ളിയും പിന്തുടരുമെന്നായിരുന്നു എഐസിസി പ്രതീക്ഷ.

മുല്ലപ്പള്ളിയെ മാറ്റണമെന്ന് എ ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും. ഇങ്ങനെ ഉറങ്ങുന്ന ഒരു കെപിസിസി പ്രസിഡന്റിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡന്‍ എംപി തന്നെ പരസ്യ വിമര്‍ശനം തുടങ്ങിയിട്ടുണ്ട്. ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് ഐ ഗ്രൂപ്പ് ആഗ്രഹമെങ്കിലും അടിമുടി മാറ്റത്തിനൊരുങ്ങുന്ന ഹൈക്കമാന്‍ഡ് പിന്തുണക്കാനുള്ള സാധ്യതകുറവാണ്.

കെപിസിസി അധ്യക്ഷനൊപ്പം പാര്‍ലമെന്ററി നേതൃസ്ഥാനത്തും മാറ്റമാണ് ലക്ഷ്യം. മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരന്‍ പാര്‍ട്ടി അധ്യക്ഷനാകാനാണ് സാധ്യത. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായി എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വി.ഡി സതീശനാണ് കൂടുതല്‍ സാധ്യത.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.