'ഒട്ടകപ്പക്ഷിയെപ്പോലെ നിങ്ങള്‍ക്ക് മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കാം, ഞങ്ങള്‍ക്കാവില്ല': കേന്ദ്രത്തെ വീണ്ടും വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

'ഒട്ടകപ്പക്ഷിയെപ്പോലെ നിങ്ങള്‍ക്ക് മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കാം, ഞങ്ങള്‍ക്കാവില്ല': കേന്ദ്രത്തെ വീണ്ടും വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട ഓക്‌സിജന്‍ ഇനിയും നല്‍കാത്തതിനാലാണ് വിമര്‍ശനം. ദിവസേന 490 മെട്രിക്ക് ടണ്‍ അല്ല, 700 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യാനാണ് സുപ്രിം കോടതി ഉത്തരവിട്ടതെന്നും ഹൈക്കോടതി പറഞ്ഞു.

''നിങ്ങള്‍ക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കാനാവും, ഞങ്ങള്‍ക്കാവില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ താമസം? 490 മെട്രിക്ക് ടണ്‍ അല്ല, 700 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യാനാണ് സുപ്രിം കോടതി ഉത്തരവിട്ടത്. നേരത്തെ നല്‍കേണ്ട 490 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ പോലും നല്‍കിയിട്ടില്ല. ഡല്‍ഹിയില്‍ ആളുകള്‍ മരിക്കുന്നതിനു നേരെ കണ്ണടയ്ക്കാനാണോ നിങ്ങള്‍ പറയുന്നത്? തലക്ക് മുകളില്‍ വരെ വെള്ളം എത്തിയിരിക്കുന്നു.''- ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേര്‍ രോഗമുക്തി നേടി.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആകെ 1.66 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായി. 34,47,133 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. എന്നാല്‍ കേരളമടക്കം പത്തു സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കൂടുതലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.