പത്തനംതിട്ട: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ പത്തനംതിട്ടയില്‍ പിടിയില്‍. ഏപ്രില്‍ 28നാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. കൊല്ലം നൂറനാട് സ്വദേശിയാണ് പിടിയിലായ പ്രതി ബാബുക്കുട്ടന്‍.
ഒളിവില്‍ കഴിയുന്നതിനിടെ ചിറ്റാര്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ പ്രദേശത്ത് ഒളിവില്‍ താമസിക്കുന്നതായി ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ച് പോലീസ് എത്തുമ്പോള്‍ ഇയാള്‍ സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കു പോകുന്നതിനിടെ വഴിയില്‍ വച്ചാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എറണാകുളം റെയില്‍വേ പോലീസ് സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മുളന്തുരുത്തിക്കടുത്തു വെച്ച് കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം ഉണ്ടായത്. പ്രാണരക്ഷാര്‍ഥം ട്രെയിനു പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. മുളന്തുരുത്തി സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ അക്രമി മാല പൊട്ടിച്ചെടുക്കുകയും വള ഊരിവാങ്ങുകയും ചെയ്തിരുന്നു. അന്നു തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമായി നടന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രതി എത്തിയെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.