കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ 10.45 ന് രാജ് ഭവനിൽ ലളിതമായി നടക്കുന്ന ചടങ്ങിൽ ഗവർണർ ജഗദീപ് ദങ്കർ സത്യവാചകം ചൊല്ലികൊടുക്കും. മമതാ ബാനർജി മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും.
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നൻ, സിപിഐ (എം) മുതിർന്ന നേതാവ് ബിമാൻ ബോസ് , ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവർക്ക് ക്ഷണമുണ്ട്.
എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റിൽ 213 നേടി വൻ ഭൂരിപക്ഷത്തോട ഭരണം നിലനിർത്തിയ മമത, തകർപ്പൻ വിജയത്തോടെയാണ് ഇന്ന് അധികാരമേൽക്കുന്നത്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ സംഘർഷം ബംഗാളിൽ തുടരുകയാണ്.
രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അക്രമണങ്ങളിൽ ബി.ജെ.പി, സി.പി.എം, ഐ.എസ് എഫ് പ്രവർത്തകരടക്കം 14 പേർ കൊല്ലപ്പെട്ടു. നിരവധി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ പരിക്കേറ്റവരെ സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാജ്യവ്യാപക ധർണ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.