മാര്‍ ക്രിസോസ്റ്റം തിരുമേനിയെപ്പറ്റി ടോം കണ്ണന്താനം കപ്പൂച്ചിന്‍ എഴുതിയ അനുസ്മരണക്കുറിപ്പ്:
ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍ത്തോമ്മാ സഭയിലെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദര്‍ശിക്കാന്‍ ഇടയായി. ഇപ്പോള്‍ വലിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത, 45 വര്‍ഷത്തോളം പഴക്കമുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ അസോസിയേഷന്റെ ഭാരവാഹി എന്ന നിലയിലാണ് ഞങ്ങള്‍ രണ്ടുപേര്‍ (പ്രസിഡന്റ് & സെക്രട്ടറി) അവിടെ എത്തിയത്.
സെക്രട്ടറി സാമൂഹിക രാഷ്ട്രീയ രംഗത്തെ ഒരുന്നതനും സുസമ്മതനും ആയിരുന്നതിനാല്‍ മുടങ്ങിക്കിടന്നിരുന്ന തിരഞ്ഞെടുപ്പു നടത്താനും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്താനും ഒക്കെകൂടി കണ്ടെത്തിയ ഒരു വഴിയായിരുന്നു ഞങ്ങളുടെ സമീപസ്ഥനായ തിരുമേനിയെ ഒരു പ്രോഗ്രാമില്‍ പങ്കെടുപ്പിക്കുക എന്നത്. അദ്ദേഹം ഉണ്ടെന്നറിഞ്ഞാല്‍ സ്വാഭാവികമായും ജനം, ഭാരവാഹികള്‍ എല്ലാവരും തടിച്ചുകൂടും.
തദവസരത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സുഗമമായി നടത്താം. ഇതായിരുന്നു ഞങ്ങളുടെ ആഗ്രഹം. മുന്‍കൂട്ടി പറഞ്ഞുവച്ചിരുന്ന തീയതി നോട്ടീസിലാക്കി വന്നപ്പോള്‍, ഔദ്യോഗികമായി ഈ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ അച്ചടിച്ച കാര്യപരിപാടികളുമായി ഞങ്ങള്‍ ചെന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുക എന്നതാണ് പ്രധാന കാര്യപരിപാടി.
വീല്‍ ചെയറില്‍ സ്വീകരണമുറിയിലേക്കെത്തിയ 97 വയസുള്ള തിരുമേനി സ്വതസിദ്ധമായ നര്‍മ്മ സംഭാഷണത്തിലൂടെ എന്നെ പരിചയപ്പെട്ടു. ഞാന്‍ വളരെ താത്പര്യത്തോടെ കാര്യപരിപാടികളുടെ ക്ഷണക്കത്ത് അദ്ദേഹത്തിനു കൈമാറി. നല്‍കിയ പ്രോഗ്രാം ലിസ്റ്റിലൂടെ കണ്ണോടിച്ച ശേഷം അദ്ദേഹം എന്നോടു ചോദിച്ചു, 'എന്താ ഇതിന്റെ ഉദ്ദേശ്യം?' കണ്ണു ശരിക്കും കാണാത്തതിനാല്‍ നോട്ടീസിലുള്ളതെന്താണെന്നു മനസ്സിലായില്ല എന്ന് ഊഹിച്ച ഞാന്‍, സ്‌കൂളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങാണിതെന്നു പറഞ്ഞു വച്ചു.
രണ്ടാമതും മൂന്നാമതും ഈ ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ സെക്രട്ടറി കുറച്ചുകൂടി മെച്ചപ്പെട്ട ഒരുത്തരം, ''ക്രൈസ്തവസഭകളുടെ സാഹോദര്യം' തുടങ്ങി ഗഹനമായ ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. നാലാമതും ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ഞാന്‍ സെക്രട്ടറി പറഞ്ഞ ഉത്തരം ഒന്നുകൂടി പറഞ്ഞു നോക്കിയെങ്കിലും തിരുമേനി തൃപ്തനായില്ല. ഞാന്‍ മനസ്സില്‍ സംശയിച്ചു, ദൈവമേ, ഇദ്ദേഹത്തിന്റെ ഗ്രഹണശേഷിയും നഷ്ടപ്പെട്ടോ എന്ന്. തുടര്‍ന്ന് എന്റെ മനസ്സില്‍ കൂടെ കടന്നുപോയ ചിന്തകളെന്തായിരിക്കും എന്നു നിങ്ങള്‍ക്കൂഹിക്കാം.
ഏതായാലും ഒരു നിമിഷത്തിന്റെ അര്‍ത്ഥഗര്‍ഭമായ മൗനത്തിനു ശേഷം അദ്ദേഹം എന്നോടു പറഞ്ഞു: 'സന്യാസീ, ഞാനൊരു പുസ്തകം വായിക്കുന്നുണ്ട്. അതിന്റെ പേര് ബൈബിള്‍. അതില്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍ ഉണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യനെന്ന നിലയില്‍ ജയിച്ചവനായിരുന്നോ, തോറ്റവനായിരുന്നോ?' 'തോറ്റവന്‍' എന്ന എന്റെ ഉത്തരത്തില്‍ സംതൃപ്തനായ അദ്ദേഹം മറുപടിയായി മറ്റൊരു ചോദ്യം ഉന്നയിച്ചു.
'എങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് വെട്ടം ഉള്ളവന്റെ തലയില്‍ ഒരു ബള്‍ബു കൂടി കത്തിക്കാന്‍ പോകുന്നത്? തോറ്റ കുട്ടികളെ വിളിച്ച് നാലക്ഷരം പറഞ്ഞു കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയല്ലേ ഒരു ക്രൈസ്തവ സംഘടന എന്ന നിലയില്‍ നിങ്ങളുടെ ദൗത്യം?' 97 വയസ്സായ ഈ ജ്ഞാനവൃദ്ധനു മുന്‍പില്‍ അസ്തപ്രജ്ഞരായി ഇരിക്കുകയാണ് ഞങ്ങള്‍ രണ്ടുപേരും.
ഉടനെ വരുന്നു അടുത്ത ഒളിയമ്പ്, 'എനിക്കറിയാം, ഇതൊക്കെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള മാര്‍ഗ്ഗമാണെന്ന്.' ഞങ്ങള്‍ രണ്ടാളും ഒന്നൂറി ചിരിച്ചു. കാരണം ഞങ്ങളുടെ ആവശ്യം ഒരു പുതിയ തിരഞ്ഞെടുപ്പിനുള്ള ആളെ കൂട്ടുക എന്നതായിരുന്നുവല്ലോ. 'എന്തായാലും ഞാന്‍ വരാം, സമ്മാനദാന ചടങ്ങും നടത്താം. സന്ദേശവും നല്‍കാം. കാരണം ഞാനും കഴിഞ്ഞ 96 വര്‍ഷമായി ഈ പൊടി ഇടുന്ന ഏര്‍പ്പാട് നടത്തിക്കൊണ്ടിരിക്കുകയാണ്.''
സുവിശേഷത്തിലെ ക്രിസ്തുവിനെ മനുഷ്യബന്ധങ്ങളുടെ പച്ചയായ ആവിഷ്‌കാരങ്ങളില്‍ കണ്ടെത്തിയ ആചാര്യാ, പ്രണാമം!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.