1882 ലെ ഒരു രാത്രി മണിമലയാര്‍ കരകവിഞ്ഞൊഴുകുകയാണ്. കല്ലൂപ്പാറ ഓടങ്കോട്ടു തുരുത്തില്‍ താമസിച്ചിരുന്ന ഒരു കൊച്ചി കുടുംബം. ആ കൊച്ചു വീട്ടിലും വെള്ളം കയറാന്‍ തുടങ്ങി. കുറച്ചുമാറി വെള്ളം കയറാത്ത കുടുംബവീട്ടിലേക്ക് രാത്രി തന്നെ വള്ളത്തില്‍ യാത്ര തിരിച്ചു. വെള്ളം നല്ല വരവായിരുന്നു. ആറു മാത്രമല്ല, സമീപത്തെ പാടങ്ങളും പുരയിടങ്ങളുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.
പെട്ടെന്ന് ഒഴുക്കിനു ശക്തി കൂടി. വള്ളത്തില്‍ വെള്ളം കയറാന്‍ തുടങ്ങി. ആറുമാസം പ്രായമായ ഒരു കുട്ടിയേയും ചേര്‍ത്തു പിടിച്ചാണ് ഗൃഹനാഥന്‍ വള്ളം തുഴഞ്ഞിരുന്നത്. അമരത്ത് മറ്റൊരു ബാലനും അപ്പനെ സഹായിക്കാന്‍ ഒപ്പം കൂടിയിരുന്നു. വള്ളം നിറയെ വീട്ടുസാധനങ്ങള്‍. വള്ളം മറിഞ്ഞ് വെള്ളത്തില്‍ പോയെങ്കിലും കുഞ്ഞ് പിതാവിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു കിടന്നു. അധികനേരം വെള്ളത്തില്‍ പതച്ചുനില്‍ക്കാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയ ഗൃഹനാഥന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ആ നിലവിളി രാത്രിയുടെ യാമത്തിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞു- കലമണ്ണില്‍ ഈപ്പച്ചന്റെ ശബ്ദം. വള്ളവുമായി എത്തി ആ കുടുംബത്തെ സമീപവാസികള്‍ രക്ഷിച്ചു. അന്ന് വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപ്പെട്ട ശിശുവാണ് കലമണ്ണില്‍ കെ. ഇ ഉമ്മനച്ചന്‍ എന്ന മാര്‍ ക്രിസോസ്റ്റത്തിന്റ പിതാവ്. മാര്‍ത്തോമ്മാ സഭയ്ക്ക് മറക്കാനാവാത്ത ആദ്യകാല വൈദികനായിരുന്നു അദ്ദേഹം.
പെരുവെള്ളത്തില്‍ നിന്നു രക്ഷിച്ചവന്റേതാണ് താനെന്ന് കലമണ്ണിലച്ചന്‍ വിശ്വസിച്ചു. പിതാവിന്റെ ഈ വിശ്വാസം മാര്‍ ക്രിസോസ്റ്റം ചെറുപ്പം മുതലേ പിന്തുടര്‍ന്നു പോന്നു. കോഴഞ്ചേരി കുറുന്തോട്ടിക്കല്‍ ഉണ്ണിയായിരുന്നു ക്രിസോസ്റ്റത്തിന്റെ ജ്ഞാന പിതാവ്. അദ്ദേഹത്തിന്റെ ജന്മനാളുകളില്‍ ഇദ്ദേഹം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുമായിരുന്നു. വര്‍ഷത്തിലൊരിക്കലെങ്കിലും ഉമ്മനച്ചന്‍ മക്കളെയെല്ലാം വിളിച്ചുചേര്‍ത്ത് പ്രാര്‍ഥിക്കുമായിരുന്നു. ഈ ഒത്തു ചേരലും പ്രാര്‍ത്ഥനയും കുടുംബത്തിലെ സഹോദര ബന്ധം ദൃഢപ്പെടുന്നതിനു കാരണമായി. വിദ്യാഭ്യാസ കാലത്ത് പഠനത്തിനുള്ള പണം കൊടുത്തിട്ട് പിതാവ് പറയുമായിരുന്നു, ഞാന്‍ മാസംതോറും വാങ്ങുന്നത് സുവിശേഷ വേല ചെയ്യുന്നതിന്റെ പ്രതിഫലമാണ്. അതാണ് ഞാന്‍ നിനക്ക് ഫീസായി നല്‍കുന്നത്. ഭാവിയില്‍ നീ അത് സുവിശേഷ പ്രഘോഷണത്തിനായി തിരികെ നല്‍കണമെന്ന്. ആ പിതാവിന്റെ നിര്‍ദ്ദേശങ്ങള്‍ മകന്‍ അക്ഷരംപ്രതി പാലിച്ചു. ലോകം അറിയുന്ന വലിയ തിരുമേനിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.