തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ബാങ്കുകളോട് ജപ്തി പോലുള്ള നടപടികള്‍ തല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അതേസമയം തന്നെ ജല അതോററ്ററി, കെഎസ്‌ഇബി എന്നിവ ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു മാസത്തേക്കാണ് ഈ ഇളവ് ഉണ്ടാകുക.
വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പോലീസിന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന ഈ നമ്പറിൽ ഏതുസമയവും ബന്ധപ്പെടാം. ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സി എഫ് എല്‍ ടി സി കള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കെ എം എസ് സി എല്‍ , കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികള്‍, എന്‍.ജി.ഒ കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും ഈ ഘട്ടത്തില്‍ അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
അതേസമയം വാര്‍ഡ് തല സമിതികളിലും റാപിഡ് റെസ്പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നിര്‍ദശം നല്‍കും.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരെ ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായ മറ്റുള്ളവരെയും ഉള്‍പ്പെടുത്തും.
രണ്ടാമത്തെ ഡോസ് വാക്സിന്‍ മൂന്ന് മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്നമില്ല. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഒക്സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഒക്സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് ഓരോ ദിവസവും കണക്കെടുക്കണം. അതുവെച്ച് ആവശ്യമായ ഒക്സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. വീഴ്ചയില്ലാതെ കുറ്റമറ്റമായ രീതിയില്‍ നിരീക്ഷിക്കണം.
ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നത് പ്രത്യേകം പരിശോധിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓക്സിജന്‍ ലഭ്യത അതിവേഗം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം തരംഗത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാല്‍ ഓക്സിജന്‍ ആവശ്യം കൂടി. മതിയായ ഓക്സിജന്‍ ഉറപ്പാക്കാന്‍ കേന്ദ്രസഹായം ആവശ്യമാണ്. ഇറുക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജന്‍ 1000 മെട്രിക് ടണ്‍ കേരളത്തിന് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ തന്നെ 500 മെട്രിക് ടണ്‍ അത്യാവശ്യമായി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
സംസ്ഥാനത്ത് ഓക്സിജന്‍ വിതരണത്തില്‍ നിലവില്‍ പ്രശ്നങ്ങളില്ല. വലിയ തോതില്‍ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ എത്തിക്കും. ഓക്സിജന്‍ പ്രധാനമായ സംഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജന്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം.
ഇപ്പോഴത്തെ നമ്മുടെ ഐസിയു ബെഡുകളുടെ അവസ്ഥ സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ഐസിയു ബെഡുണ്ട്. അതില്‍ 996 ബെഡുകളില്‍ കൊവിഡ് രോഗികളും 756 ബെഡുകളില്‍ മറ്റു രോഗികളുമാണുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകളാണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7805 ഐസിയു ബെഡുകളില്‍ 1037 എണ്ണമാണ് കൊവിഡ് രോഗികള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ആകെ വെന്റിലേറ്റർകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്റിലേറ്ററുകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കൊവിഡേതര രോഗികളുടെ ചികിത്സയ്ക്കും ഉപയോഗിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്.
സ്വകാര്യ ആശുപത്രികളില്‍ 1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ള 3231 ഓക്സിജന്‍ ബെഡുകളില്‍ 1731 എണ്ണം കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. അതില്‍ 1429 ബെഡുകളും രോഗികള്‍ ചികിത്സയിലുണ്ട്. 546 പേര്‍ കൊവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജന്‍ ബെഡുകളില്‍ 1975 എണ്ണവും നിലവില്‍ ഉപയോഗത്തിലാണ്.
ഡയറക്ടേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസിന് കീഴിലെ ആശുപത്രികളില്‍ 3001 ഓക്സിജന്‍ ബെഡുള്ളതില്‍ 2028 ബെഡുകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചു. അവയില്‍ 1373 എണ്ണത്തില്‍ ആളായി കൊവിഡേതര രോഗികളെ എടുത്താലും 52 ശതമാനം ബെഡുകളിലും രോഗികളായി. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജന്‍ ബെഡുകളില്‍ 66.16 ശതമാനം ബെഡുകള്‍ ഇതിനോടകം ഉപയോഗത്തില്‍ ആയി കഴിഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.