ചികിത്സയില്‍ വേര്‍തിരിവ് പാടില്ല: കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

ചികിത്സയില്‍ വേര്‍തിരിവ് പാടില്ല: കര്‍ശന നിര്‍ദേശവുമായി  ഹൈക്കോടതി

കൊച്ചി: കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് വേര്‍തിരിവില്ലാതെ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അത് എല്ലാവര്‍ക്കും താങ്ങാവുന്നതുമായിരിക്കണം. ഇപ്പോള്‍ ഉള്ളത് ഫ്രീ മാര്‍ക്കറ്റ് അല്ലെന്നും ഫിയര്‍ മാര്‍ക്കറ്റ് ആണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയോട് എല്ലാവരും അനുകൂലമായി പ്രതികരിക്കുന്നത് ശുഭകരമാണ്.

ഇക്കാര്യത്തില്‍ എം.ഇ.എസ് സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമെന്ന് പറഞ്ഞ കോടതി ഇതാണ് റംസാന്‍ കാലത്തെ യഥാര്‍ഥ വികാരമെന്നും അഭിപ്രായപ്പെട്ടു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് അടക്കം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയെ ഈടാക്കാവൂ. ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ഫീസ് 500 രൂപയാക്കി കുറച്ചതിനെതിരേ ലാബ് ഉടമകള്‍ നല്‍കിയ ഉപഹര്‍ജി കോടതി തള്ളി.

കോവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി വിളിക്കാവുന്ന ഒറ്റ ടോള്‍ഫ്രീ നമ്പര്‍ വേണം. രോഗികളെ വിവിധ വിഭാഗങ്ങളായിത്തിരിച്ച് കൃത്യമായി കൈകാര്യം ചെയ്യാനായാല്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാം. എംപാനല്‍ഡ് ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നീക്കിവെച്ചിരിക്കുന്ന 50 ശതമാനം കിടക്കകളില്‍ ചികിത്സാഫീസ് സൗജന്യമാണോയെന്ന് കോടതി ചോദിച്ചു. മറുപടിക്ക് സര്‍ക്കാര്‍ സമയം തേടി.

എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി നീക്കിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കണം. എംപാനല്‍ ചെയ്ത ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്കായി നീക്കിവെക്കാത്ത 50 ശതമാനം കിടക്കകളിലെ ഫീസില്‍ നിയന്ത്രണമുണ്ടോയെന്ന് അറിയിക്കണം. എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സാച്ചെലവിന്റെ കാര്യത്തിലും നിയന്ത്രണം വേണമെന്നും കോടതി നിര്‍ദേശിച്ചു.

ഉപയോഗിക്കാതെ കിടക്കുന്ന ആശുപത്രികള്‍ ഏറ്റെടുക്കാനാകുമോ എന്നത് പരിഗണിക്കണം. എല്ലാ ആശുപത്രികളിലെയും 50 ശതമാനം കിടകക്കള്‍ ഏറ്റെടുക്കുന്നതും പരിഗണിക്കണം. കോവിഡ് രോഗികളുടെ ചികിത്സാച്ചെലവ് എല്ലാ ആശുപത്രികളിലും തുല്യമാക്കിയുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് കണക്കിലെടുക്കണം.

ഓക്‌സീമീറ്റര്‍, മാസ്‌ക് തുടങ്ങിയവയുടെ വില നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഇല്ലെന്ന് ജസ്റ്റിസ് ബ്രിഗേഡിനായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് 12 മുതല്‍ 18 ശതമാനംവരെ നികുതിയുണ്ട്. സാഹചര്യം കണക്കിലെടുത്ത് ഇതൊഴിവാക്കാന്‍ നിര്‍ദേശിക്കണം.

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസേ ഈടാക്കുന്നുള്ളൂവെന്ന് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും എം.ഇ.എസിന്റെ അഭിഭാഷകനും അറിയിച്ചു. പി.പി.ഇ. കിറ്റിന്റെ പേരില്‍ അമിതചാര്‍ജ് ഈടാക്കുന്നില്ലെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ അഭിഭാഷകന്‍ അറിയിച്ചു. സര്‍ക്കാരുമായി സഹകരിക്കുമെന്ന് ഐ.എം.എയും അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.