തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ നഴ്സുമാര്‍ ജോലിഭാരം താങ്ങാനാവാതെ പ്രതിഷേധ സമരത്തില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടി മുടക്കാതെയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തു ദിവസം ഡ്യുട്ടി ചെയ്താല്‍ മൂന്നു ദിവസം വിശ്രമം എന്ന ജോലിക്രമം തന്നെ വലിയ സമര്‍പ്പണമാണ് ആവശ്യപ്പെടുന്നതെന്നിരിക്കെയാണ് അതും ഇല്ലാതെയാക്കിയുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. സൂപ്രണ്ടിന്റെ ഉത്തരവ് കത്തിച്ചുകൊണ്ടായിരുന്നു നഴ്സുമാരുടെ പ്രതിഷേധം.
ഇപ്പോള്‍ ഡ്യുട്ടി മുടക്കാതെയാണ് സമരം ചെയ്യുന്നതെങ്കിലും അനുഭാവപൂര്‍വ്വമായ തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്കിലേക്കു നീങ്ങുമെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ അവധിയെടുക്കുമ്പോള്‍ ഡ്യുട്ടിയിലുള്ളവര്‍ അധികഭാരം ഏറ്റെടുക്കുന്നതാണ് ഇപ്പോള്‍ പിന്തുടരുന്ന രീതി. വേണ്ടത്ര വിശ്രമം കിട്ടാതെ മാലാഖമാരും തളരുന്ന അവസ്ഥയാണെന്നു നഴ്സുമാര്‍ പറയുന്നു.
ശരീരത്തില്‍ വളരെയധികം നിര്‍ജ്ജലീകരണം അനുഭവപ്പെടുന്നുവെന്നും അടുത്തകാലത്തു നഴ്സുമാര്‍ ബോധരഹിതരായി വീഴുന്നത് സ്ഥിരം സംഭവമായിരിക്കുന്നുവെന്നും സമരക്കാര്‍ പറയുന്നു. നഴ്സുമാരുടെ മനോവീര്യം കെടുത്താതെ ഈ വിഷയം പരിഹരിക്കണമെന്നാണ് ആവശ്യം.
ഇതിനിടയില്‍ സ്വകാര്യ ആശുപത്രികളും നഴ്‌സുമാരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നു പരാതി ഉയരുന്നുണ്ട്. മിക്കയിടങ്ങളിലും തിരക്കിന് കുറവില്ലെങ്കിലും ശമ്പളം പകുതിയാക്കിയിട്ട് ഒരു വര്‍ഷത്തോളമായി. പലരെയും ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ വീട്ടിലേക്കു വാഹന സൗകര്യം പോലും ക്രമീകരിക്കാതെ ബുദ്ധിമുട്ടിക്കുകയാണെന്നു നഴ്സുമാര്‍ പറയുന്നു.
വരുമാനം പകുതിയാക്കുകയും ആശുപത്രിയില്‍ എത്താന്‍ വാഹനം അഭ്യര്‍ഥിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം വാഹനത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെങ്കില്‍ രാജിവയ്ക്കാനാണ് മാനേജുമെന്റുകളുടെ മറുപടി.
കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കു വാഹന സൗകര്യവും നിര്‍മാണ സൈറ്റിനടുത്ത് താമസ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോഴും തങ്ങള്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ആരുമില്ലെന്ന്് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ കണ്ണീരോടെ പറഞ്ഞു. ഈ ഘട്ടത്തില്‍ എല്ലാവരെയും കരുതുന്ന നഴ്സുമാരെ കരുതാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിഷയം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.