കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. 58 നിയമനങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി അറിയിച്ചു. സര്‍വകലാശാല നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേരള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ അധ്യാപക ഒഴിവുകളെല്ലാം ചേര്‍ത്ത് ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം ബാധകമാക്കി നിയമനം നടത്താനുള്ള 2017ലെ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയും മറ്റ് അധികാരികളും തുടര്‍നടപടി എടുക്കണമെന്നു കോടതി നിര്‍ദേശിച്ചു.

ഇതോടെ, സര്‍വകലാശാല വിവിധ വകുപ്പുകളില്‍ നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും. ഹര്‍ജി പരിഗണനയിലിരിക്കെ നടത്തിയ നിയമനങ്ങള്‍ വിധിക്കു വിധേയമാകുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു.

കേരള സര്‍വകലാശാലയിലെ പ്രഫസര്‍, അസോഷ്യേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ തുടങ്ങി ഓരോ കേഡറിലും വിവിധ വകുപ്പുകളിലുള്ള അധ്യാപക ഒഴിവുകള്‍ ഒരുമിച്ചു പരിഗണിച്ച് സംവരണ തത്വം ബാധകമാക്കി നിയമനം നടത്താന്‍ 2017 നവംബര്‍ 27 നാണ് വിജ്ഞാപനമിറക്കിയത്.

ഇതിനെതിരെ അപേക്ഷകരായിരുന്ന ഡോ. ജി. രാധാകൃഷ്ണ പിള്ള, ഡോ. ടി. വിജയലക്ഷ്മി, സൊസൈറ്റി ഫോര്‍ സോഷ്യല്‍ സര്‍വൈലന്‍സ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.