മാതാവിന്റെ വണക്കമാസം ഏഴാം ദിവസം

മാതാവിന്റെ വണക്കമാസം ഏഴാം ദിവസം

യോഹ 2 :1 മൂന്നാം ദിവസം ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
യോഹ 19 :25 യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്ക്കുന്നുണ്ടായിരുന്നു.

മറ്റു മൂന്നു സമാന്തര സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ രചനാ ശൈലിയാണ് യോഹന്നാന്റെ സുവിശേഷത്തിന്. ക്രിസ്തുവിൽ വിശ്വസിക്കുകയും, അതുവഴി നിത്യജീവൻ പ്രാപിക്കുകയും ചെയ്യുക എന്നതാണ് ഈ സുവിശേഷത്തിന്റെ ലക്ഷ്യം (യോഹ 20 :31). മറ്റു സുവിശേഷങ്ങളിൽ നിന്നു വ്യത്യസ്തമായി, ഈ സുവിശേഷത്തിൽ മറിയത്തെ പേരെടുത്തു പറയുന്നില്ല, മറിച്ച് യേശുവിന്റെ അമ്മ എന്നാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ രണ്ടു സ്ഥലത്തു മാത്രമാണ് ഈ സുവിശേഷത്തിൽ യേശുവിന്റെ അമ്മയെ കാണാൻ കഴിയുന്നത്. കാനായിലെ കല്യാണവിരുന്നിലും, കാൽവരി കുരിശിന്റെ ചുവട്ടിലും.

യേശുവിന്റെ ജീവിതത്തിലെ മർമ്മ പ്രധാനമായ രണ്ടു ഭാഗങ്ങൾ ആണിത്. പിതാവ് തന്നെ ഏല്പിച്ച ദൗത്യത്തിന്റെ ആരംഭത്തിലും തന്നെ ഏല്പിച്ച ദൗത്യം പൂർത്തിയാക്കി പിതാവിന്റെ സന്നിധിയിലേക്ക് പോകുന്ന അവസാന നിമിഷങ്ങളിലും. ഇതിൽ നിന്ന് തന്നെ, യേശുവിന്റെ ദൗത്യ പൂർത്തീകരണ യാത്രയിൽ, അമ്മയുടെ ഇടമുറിയാത്ത സാമീപ്യം വ്യക്തമാണ് .
ഒരു യഥാർഥ ക്രിസ്തു ശിഷ്യന് ഉണ്ടായിരിക്കേണ്ട സവിശേഷതയും അത് തന്നെയാണ്. ഒരിക്കൽ ഈ രക്ഷകനെ പിൻപറ്റിയാൽ, ഹൃദയത്തിലൂടെ വാൾ കടക്കുന്ന അനുഭവങ്ങൾ ഉണ്ടായാലും ആ സന്നിധിവിട്ട് പോകരുത് എന്ന് അമ്മ തന്റെ ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തന്നു.

നിത്യജീവനിലേക്കുള്ള ഈ യാത്രയിൽ, പ്രതികൂലങ്ങളുടെയും നിരാശകളുടെയും നടുവിലോ, തൽക്കാല ലാഭങ്ങൾക്കു വേണ്ടിയോ, അൽപനേരത്തേക്കെങ്കിലും ഈ രക്ഷകന്റെ സാന്നിധ്യം നഷ്ടപ്പെടുത്തിയവർക്ക് വേണ്ടി, പ്രാർത്ഥനകളും കൂദാശകളും ഉപേക്ഷിച്ചവർക്കു വേണ്ടി, അവരുടെ തിരിച്ചുവരവിനു വേണ്ടി, പരിശുദ്ധ അമ്മ വഴി മഹാകരുണയായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.