രണ്ടാം ലോക്ക്ഡൗണ്‍ കടുപ്പമേറും: വെറുതേ പുറത്തിറങ്ങിയാല്‍ 'അകത്താ'കും; ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം, സൗജന്യ കിറ്റ് തുടരും

രണ്ടാം ലോക്ക്ഡൗണ്‍ കടുപ്പമേറും: വെറുതേ പുറത്തിറങ്ങിയാല്‍ 'അകത്താ'കും; ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം, സൗജന്യ കിറ്റ് തുടരും

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ വീണ്ടും തുടങ്ങുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും. കിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും. അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നല്‍കും.

ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി ചുരുക്കണം. ലോക്ക്ഡൗണ്‍ സമയത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാര്‍ബറില്‍ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. പള്‍സ് ഓക്‌സീമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.18-45 വയസുള്ളവര്‍ക്ക് ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, അടുത്ത രോഗിയെ കാണല്‍ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. കാര്‍മ്മികത്വം വഹിക്കുന്നവര്‍ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യില്‍ കരുതണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വീട്ടിനുള്ളിലും കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണം. അയല്‍ക്കാരുമായി ഇടപെടേണ്ടി വന്നാല്‍ ഇരട്ട മാസ്‌ക് ഉപയോഗിക്കണം. സാധനങ്ങള്‍ കൈമാറിയാല്‍ കൈകഴുകണം. വീടുകളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. പുറത്തുപോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകരുത്. കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് കോവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗവ്യാപനം കുറഞ്ഞില്ല. ലോക്ഡൗണ്‍ വേണ്ടിവന്നത് ഇതുകൊണ്ടാണ്. രോഗക്കണക്ക് കൂടിയാല്‍ മരണനിരക്കും കൂടും. ഇതിന് ഏറ്റവുമധികം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണാണ് ഫലപ്രദമായ നടപടി. ലോക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കാന്‍ 25,000 പൊലീസുകാരെ നിയോഗിച്ചു.

ലോക്ഡൗണിന്റെ ഗുണം ലഭിച്ചു തുടങ്ങാന്‍ ഒരാഴ്ചയിലേറെ എടുക്കും. അത്യാവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പൊലീസും ഫയര്‍ഫോഴ്‌സും ഉണ്ടാകും. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.