കോവിഡ് വ്യാപനം: ജയിലുകളിലെ തിരക്ക് ഒഴിവാക്കാന്‍ തടവുകാര്‍ക്ക് ഉടന്‍ പരോള്‍ നല്‍കണമെന്ന് സുപ്രീം കോടതി

കോവിഡ് വ്യാപനം: ജയിലുകളിലെ തിരക്ക് ഒഴിവാക്കാന്‍ തടവുകാര്‍ക്ക് ഉടന്‍ പരോള്‍ നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് ജയില്‍ മോചനം ഉള്‍പ്പടെ അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രൂപികൃതമായ ഉന്നതാധികാര സമിതി കഴിഞ്ഞ വര്‍ഷം ജയിലില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി ലഭിച്ചവര്‍ക്ക് വീണ്ടും അടിയന്തിരമായി പുറത്ത് ഇറങ്ങാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരുടെ അപേക്ഷ വീണ്ടും ഉന്നത അധികാര സമിതി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥ ഉന്നത അധികാര സമിതിക്ക് തീരുമാനിക്കാം. ഈ സമിതിയുടെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെയും ഹൈക്കോടതികളിലൂടെയും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഉന്നതാധികാര സമിതി നിലവിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഉടന്‍ സമിതി രൂപീകരിക്കണമെന്നും സുപ്രീ കോടതി നിര്‍ദേശിച്ചു.

ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നവര്‍ക്ക് ലോക്ക്്ഡൗണ്‍, കര്‍ഫ്യൂ എന്നിവയുടെ പശ്ചാത്തലത്തില്‍ യാത്ര സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. ജാമ്യത്തിലോ, പരോളിലോ വിടാന്‍ കഴിയാത്തവര്‍ക്ക് മെച്ചപ്പെട്ട വൈദ്യ സഹായവും ചികത്സയും ഉറപ്പാക്കണം. ജയില്‍ പുള്ളികളെയും ജയില്‍ ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

നിലവില്‍ രാജ്യത്തെ ജയിലുകളില്‍ നാല് ലക്ഷത്തില്‍ അധികം ജയില്‍ പുള്ളികളാണുള്ളത്. ജയിലുകള്‍ നിറയുന്നത് ഇന്ത്യ ഉള്‍പ്പടെ ഉള്ള രാജ്യങ്ങളെ പകര്‍ച്ചവ്യാധി പോലെ ബാധിക്കുന്ന വിഷയമാണെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണം ഡല്‍ഹി മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.