കോവിഡ് വ്യാപനം: വാക്‌സിന്‍ ഇനിയുമുണ്ടെന്ന് കേന്ദ്രം; കേരളത്തിന് 1.84 ലക്ഷം ഡോസ് അനുവദിച്ചു

കോവിഡ് വ്യാപനം: വാക്‌സിന്‍ ഇനിയുമുണ്ടെന്ന് കേന്ദ്രം; കേരളത്തിന് 1.84 ലക്ഷം ഡോസ് അനുവദിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്‌സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സിന്‍ ഡോസിന്‍റെ എണ്ണം 78,97,790 ആയി. വാക്‌സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17.49 കോടി വാക്‌സിന്‍ വിതരണം ചെയ്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇനിയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 84 ലക്ഷം ഡോസ് വാക്‌സിനുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതിനുപുറമെ 53 ലക്ഷം ഡോസ് വാക്‌സിന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുമായാണ് പ്രധാനമന്ത്രി ഫോണിലൂടെ സംസാരിച്ചത്.

രാജ്യത്തെ പ്രതിദിനക്കേസുകളില്‍ 72 ശതമാനം കേസുകളും പത്തുസംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.