'നെഹ്റു-ഗാന്ധി കുടുംബം ഉണ്ടായിരുന്നതിനാല്‍ ഇന്ത്യ ഇപ്പോള്‍ അതിജീവിക്കുന്നു': കേന്ദ്രത്തെ വിമര്‍ശിച്ച് ശിവസേന

 'നെഹ്റു-ഗാന്ധി കുടുംബം ഉണ്ടായിരുന്നതിനാല്‍ ഇന്ത്യ ഇപ്പോള്‍ അതിജീവിക്കുന്നു': കേന്ദ്രത്തെ വിമര്‍ശിച്ച് ശിവസേന

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിരോധ നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ദരിദ്ര രാജ്യങ്ങള്‍വരെ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്യുമ്പോള്‍ കോടികള്‍ മുടക്കി പണിയുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ പോലും മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ശിവസേന വിമര്‍ശിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിന്‍ബലത്തിലാണ് ദുഷ്‌കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നത്. നെഹ്‌റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ് കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ രാജ്യം ഇപ്പോഴും അതിജീവിക്കുന്നതെന്നും മുഖപത്രമായ സാംമ്‌നയിലെ ലേഖനത്തില്‍ ശിവസേന തുറന്നു പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍ നിരവധി ദരിദ്ര രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. പാകിസ്താന്‍, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നാണ് സഹായങ്ങള്‍ തേടിയിരുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യയും ഇന്ന് ഇതിന് സമാനമായ സാഹചര്യത്തിലെത്തി. ബംഗ്ലദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ മോഡിയുടെ ആത്മനിര്‍ഭര്‍ ഇന്ത്യയ്ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയാണെന്നും ശിവസേന വിമര്‍ശിച്ചു.

ദരിദ്ര രാജ്യങ്ങള്‍വരെ അവരാല്‍ കഴിയുന്ന രീതിയില്‍ ഇന്ത്യയെ സഹായിക്കുമ്പോള്‍ 20,000 കോടി രൂപ ചെലവഴിച്ചുള്ള സ്വപ്ന പദ്ധതിയായ ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെയ്ക്കാന്‍ നരേന്ദ്ര മോഡി തയ്യാറാകുന്നില്ലെന്നും ശിവസേന ലേഖനത്തില്‍ വിമര്‍ശിച്ചു.

സൂക്ഷ്മ ബോധവും ദേശീയതയും ഉള്ളിലുള്ള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കില്ല. പകര്‍ച്ച വ്യാധിയെ പരാജയപ്പെടുത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ദേശീയ പാനല്‍ രൂപീകരിക്കുകയാണു ചെയ്യേണ്ടത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കണമെന്നു ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ആരോഗ്യ മന്ത്രാലയം പൂര്‍ണമായും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണിത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഇന്ത്യയിലാണു റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍, സജീവമായ അഞ്ചു രോഗികളില്‍ ഒരാള്‍ ഇന്ത്യയിലാണ്. ലോകം ഇപ്പോള്‍ ഇന്ത്യയെ ഭയപ്പെടുന്നുവെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ ശിവസേന പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.