സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും; മാസ്കിനും പള്‍സ് ഓക്സിമീറ്ററിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടി: പിണറായി വിജയന്‍

സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കും; മാസ്കിനും പള്‍സ് ഓക്സിമീറ്ററിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടി: പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്കിനും പള്‍സ് ഓക്സിമീറ്ററിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണ് സംസ്ഥാനത്ത് പടരുന്നത്. വാക്സിന്‍ സ്വീകരിച്ചാലും ജാഗ്രത കുറയ്ക്കരുതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 21,534 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാ നടപടിയും സ്വീകരിച്ചുവെന്നും മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. എന്നാല്‍, ചില ആശുപത്രികള്‍ സംവിധാനവുമായി ബന്ധപ്പെടാതെ നില്‍ക്കുന്നുണ്ട്. അവര്‍ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഇനിയും ഓക്സിജന്‍ വലിയ അളവില്‍ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചില ആശുപത്രികള്‍ ഓക്സിജന്‍ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വർദ്ധനവുണ്ടാകുമ്പോൾ സ്റ്റോക്ക് ചെയ്യാനാണ്. സംസ്ഥാനത്ത് ഇപ്പോള്‍ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്.
പലരും ഓക്സിജന്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ് അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്ഡൗണ്‍ കാരണം സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. പട്ടിണിയിലാവാന്‍ ഇടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയാറാക്കണം. യാചകര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടലുകള്‍ ഉള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കാനാകും. മറ്റിടങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ പോലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും അത്യാവശ്യമുളളവര്‍ മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യ സര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.