സ്റ്റാലിന്‍ മന്ത്രിസഭയില്‍ 'നെഹ്റു'വും 'ഗാന്ധി'യും; തമിഴ് മക്കള്‍ നിനയ്ക്കാത്ത ട്വിസ്റ്റ്

സ്റ്റാലിന്‍ മന്ത്രിസഭയില്‍ 'നെഹ്റു'വും 'ഗാന്ധി'യും; തമിഴ് മക്കള്‍ നിനയ്ക്കാത്ത  ട്വിസ്റ്റ്

ചെന്നൈ: സോവിയറ്റ് നേതാവിന്റെ ഓര്‍മയ്ക്കായി മകന് സ്റ്റാലിന്‍ എന്ന് പേരിട്ട സാക്ഷാല്‍ കലൈജ്ഞര്‍ പോലും കരുതിയിട്ടുണ്ടാകില്ല തന്റെ മകന്റെ മന്ത്രിസഭയില്‍ 'നെഹ്റു'വും 'ഗാന്ധി'യും ഉണ്ടാകുമെന്ന്. തമിഴകത്തിന്റെ  എട്ടാമത്തെ മുഖ്യമന്ത്രിയായ എം.കെ സ്റ്റാലിന്റെ മന്ത്രിസഭയില്‍ ഈ മഹാരഥന്‍മാരുടെ പേരുകളോടു കൂടിയ മന്ത്രിമാര്‍ ഉണ്ടെന്നതാണ് കൗതുകമുണര്‍ത്തുന്നത്.

ആര്‍. ഗാന്ധി, കെ.എന്‍. നെഹ്റു എന്നിവരാണ് ആ മന്ത്രിമാര്‍. ആര്‍. ഗാന്ധി, സ്റ്റാലിന്‍ മന്ത്രിസഭയില്‍ ടെക്സ്‌റ്റൈയില്‍സ് മന്ത്രിയാണ്. കെ.എന്‍ നെഹ്റുവാകട്ടെ നഗര വികസനവും മുനിസിപ്പല്‍ ഭരണ വകുപ്പുമാണ് കൈകാര്യം ചെയ്യുക. റാണിപേട്ട് ജില്ലയില്‍ നിന്നും നാലു തവണ എം.എല്‍.എ ആയിട്ടുളള ആര്‍. ഗാന്ധി ആദ്യമായാണ് മന്ത്രി ആകുന്നത്. കെ.എന്‍ നെഹ്റു തിരുച്ചിറപ്പളളിയില്‍ നിന്നുളള ഡി.എം.കെയുടെ ശക്തനായ നേതാവാണ്. അദ്ദേഹം നാലാം തവണയാണ് ഡി.എം.കെ മന്ത്രിസഭയില്‍ അംഗമാവുന്നത്.

ഗാന്ധി എന്ന് പേരുളള രണ്ടാമതൊരാള്‍ കൂടി തമിഴ്‌നാട് നിയമസഭയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് എം.ആര്‍ ഗാന്ധിയെന്നാണ്. നാഗര്‍കോവില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇദ്ദേഹം ബി.ജെ.പി അംഗമാണ്. മനസാക്ഷിയെ തൊട്ട് സത്യപ്രതിജ്ഞചൊല്ലി അധികാരത്തിലേറ്റ സ്റ്റാലിനിലും മന്ത്രിസഭയിലെ ഗാന്ധിയിലും നെഹറുവിലുമെല്ലാം വലിയ പ്രതീക്ഷയാണ് തമിഴ്മക്കള്‍ വച്ചു പുലര്‍ത്തുന്നത്.

എം.കെ സ്റ്റാലിന്‍ ജനിച്ച് നാലാം ദിവസമാണ് ജോസഫ് സ്റ്റാലിന്‍ അന്തരിച്ചത്. പെരിയാറിനെ പരിചയപ്പെട്ടിരുന്നില്ലെങ്കില്‍ കമ്മ്യൂണിസ്റ്റാകുമായിരുന്നുവെന്ന് പലതവണ പറഞ്ഞിട്ടുള്ള എം. കരുണാനിധി സോവിയറ്റ് നേതാവിന്റെ ഓര്‍മയ്ക്കായി ആ പേരു മകന് നല്‍കുകയായിരുന്നു. ഗാന്ധി, നെഹ്‌റു, ജവഹര്‍, ബോസ് തുടങ്ങിയ പേരുകളെല്ലാം തമിഴ്‌നാട്ടില്‍ സര്‍വസാധാരണമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.