തിരുവനന്തപുരം: ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. ഇന്നു മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.
കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു:
ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി മറ്റു കോച്ചുകള്‍ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. ആറ് വാതിലുകളുള്ള കോച്ചിന്റെ മുന്‍വശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടന്‍ എല്ലാ വാതിലുകളും അടച്ചു. ഇതിനിടയില്‍ യുവതി മധ്യഭാഗത്തുള്ള വാതില്‍ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു.
മുടിയില്‍ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടര്‍ന്നു വീണ്ടും മുടിയില്‍ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയില്‍ ഇറങ്ങി കമ്പിയില്‍ തൂങ്ങി നിന്നു.
ഈ സമയം യുവതി ഉറക്കെ കരഞ്ഞപ്പോള്‍ വായില്‍ ഷാള്‍ തിരുകിയെന്നാണു പ്രതി അന്വേഷണ സംഘത്തോടു പറഞ്ഞത്. തുടര്‍ന്നുള്ള ചെറുത്തു നില്‍പ്പിനിടെയാണു യുവതി ട്രെയിനില്‍ നിന്നു വീണത്. പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗില്‍ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടര്‍ന്നുള്ള യാത്ര.
ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസില്‍ വച്ചായിരുന്നു ആശ ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുറ്റകൃത്യത്തിനു ശേഷം ട്രെയിനില്‍ യാത്ര തുടര്‍ന്ന ബാബുക്കുട്ടന്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയില്‍ ഇറങ്ങി കടന്നുകളഞ്ഞു.
ഇവിടെ നിന്നു ബസില്‍ കരുനാഗപ്പള്ളിയിലെത്തി സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ കഴിഞ്ഞില്ല. സ്വര്‍ണം പണയം വയ്ക്കാന്‍ ബാബുക്കുട്ടനെ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.