'ഒന്നു മുതല്‍ പൂജ്യം വരെ': ബിജെപിയില്‍ പൊട്ടിത്തെറി; നേതാക്കള്‍ തമ്മില്‍ തര്‍ക്കം

 'ഒന്നു മുതല്‍ പൂജ്യം വരെ':  ബിജെപിയില്‍ പൊട്ടിത്തെറി; നേതാക്കള്‍  തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: നേമത്തെ നായര്‍ വോട്ടുകളില്‍ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചുവെന്നും മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിന്റെ പെട്ടിയില്‍ പോയെന്നും ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തില്‍ വിലയിരുത്തല്‍. സ്വാധീന മേഖലയിലെ ബൂത്തുകളില്‍ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതല്‍ 100 വോട്ടുകള്‍ വരെ കുറഞ്ഞു. സിറ്റിങ് വാര്‍ഡുകളില്‍ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ അടിസ്ഥാന വോട്ടുകള്‍ മാത്രം കിട്ടി. എന്നാല്‍ ഇവിടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്‍ ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനേക്കാള്‍ വോട്ട് പിടിക്കാന്‍ രാജേഷിനായെന്നും വിലയിരുത്തി.

ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷന്‍ എസ്.സുരേഷിന് നിലനിര്‍ത്താനായില്ലെന്ന് വി.വി.രാജേഷ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയത് നേതാക്കള്‍ തമ്മിലുള്ള ഭിന്നതയ്ക്കിടയാക്കി. പ്രകോപിതനായ എസ്.സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇടപ്പെട്ട് ജില്ലാ കോര്‍കമ്മിറ്റി വിളിക്കാന്‍ നിര്‍ദേശം നല്‍കി.

കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രന്‍ പരാജയം വിലയിരുത്താനുള്ള യോഗത്തില്‍ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് പരാജയത്തിന് ഒരു കാരണമായതായി നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. വിജയ പ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂര്‍ക്കാവ്, കഴക്കൂട്ടമടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് മുന്‍പ് ലഭിച്ചിരുന്ന വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചുവെന്നും അംഗങ്ങള്‍ പറഞ്ഞു.

നേമം നഷ്ടമാകാന്‍ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ബിജെപി ശക്തി കേന്ദ്രങ്ങളിലും കുമ്മനത്തിന് വോട്ട് കുറഞ്ഞിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.