കോവിഡ് ഭീതിയില്ലാതെ അവര്‍ തീരം സ്വന്തമാക്കി; വിരിഞ്ഞിറങ്ങിയത് 1.48 കോടി ആമക്കുഞ്ഞുങ്ങള്‍

കോവിഡ് ഭീതിയില്ലാതെ അവര്‍ തീരം സ്വന്തമാക്കി; വിരിഞ്ഞിറങ്ങിയത് 1.48 കോടി ആമക്കുഞ്ഞുങ്ങള്‍

കേന്ദ്രപ്പാറ: കോവിഡ് വ്യാപനം രാജ്യമൊട്ടാകെ ഭീതി വിതയ്ക്കുകയാണ്. കോവിഡ് ഭീതിക്കിടയിലും സന്തോഷവും കൗതകവും നിറഞ്ഞ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ ബീച്ചില്‍ 13 ദിവസത്തിനുള്ളില്‍ വിരിഞ്ഞത് 1.48 കോടി ആമക്കുഞ്ഞുങ്ങള്‍. അതും വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട ആമക്കുഞ്ഞുങ്ങള്‍.


ഗഹിര്‍മാത ബീച്ചിലാണ് ആമക്കുഞ്ഞുങ്ങള്‍ സ്വസ്ഥമായി കരകവിഞ്ഞ് വിരിഞ്ഞിറങ്ങിയത്. കേരളത്തില്‍ കൊല്ലം ജില്ലയിലെ പൊഴിക്കരയിലും ഈ അടുത്ത് ഒലിവ് റിഡ്‌ലിയില്‍പെട്ട ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിരുന്നു. ഗഹിര്‍മാത ബീച്ചില്‍ 2.98 ലക്ഷം കൂടുകളില്‍ നിന്ന് ഏപ്രില്‍ 25 മുതലാണ് ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങാന്‍ തുടങ്ങിയത്. വ്യാഴാഴചയോടെയാണ് മുഴുവനും വിരിഞ്ഞിറങ്ങിയതെന്ന് ഫോറസ്റ്റ് ഡിവിഷനല്‍ ഓഫീസര്‍ ബികാഷ് രഞ്ജന്‍ ദാസ് വ്യക്തമാക്കുന്നു.


ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട ആമകളുടെ ഏറ്റവും വലിയ പ്രജനന സ്ഥലമായി ഗഹിര്‍മാത ബീച്ച് മാറിയെന്ന് ഡിവിഷനല്‍ ഓഫീസര്‍ പറയുന്നു. 3.49 ലക്ഷം ആമകളാണിക്കുറി തീരത്ത് കൂടുകെട്ടാനും മുട്ടയിടാനുമായെത്തിയത്. കടല്‍ഭിത്തിയില്ലാത്ത തീരപ്രദേശങ്ങളിലാണ് ഒലീവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകള്‍ മുട്ടയിടുക. ഓരേ ആമയും 100 മുതല്‍ 120 വരെ മുട്ടകള്‍ ഇടും. 45 മുതല്‍ 60 ദിവസം കൊണ്ടാണ് ഇവ വിരിയുക. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ഒലീവ് റിഡ്‌ലി ആമകള്‍ക്ക് 55 മുതല്‍ 60 കിലോ വരെ ഭാരം ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.