കോവിഡ് വ്യാപനം: മെയ് 31 വരെ സംസ്ഥാന‍ത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യപ്രാധാന്യം കോവിഡ് ചികിത്സയ്ക്ക്

കോവിഡ് വ്യാപനം: മെയ് 31 വരെ സംസ്ഥാന‍ത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യപ്രാധാന്യം കോവിഡ് ചികിത്സയ്ക്ക്

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി കോവിഡ് ചികിത്സയ്ക്ക് ആയിരിക്കും മുഖ്യപ്രാധാന്യം. മെയ് 31 വരെ അടിയന്തിര പ്രാധാന്യമുള്ള ഇതര ചികിത്സ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടാകൂവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ഇറക്കിയ പുതിയ നിർദേശത്തിൽ പറയുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് പരിശോധന കേന്ദ്രമാക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശമുണ്ട്. വെന്റിലേറ്റര്‍ കിടക്കകള്‍ എങ്കിലും തയാറാക്കുകയും ചെയ്യണം.

രണ്ടാം നിര കോവിഡ് കേന്ദ്രങ്ങള്‍ താലൂക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം. കിടപ്പ് രോഗികള്‍ക്ക് ഓക്‌സിജന്‍, ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിലും കോവിഡ് ഒപി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്.

രോഗികളുടെ എണ്ണം ഗുരുതരമായി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഒൻപത് ദിവസത്തെ ലോക്ഡൗണില്‍ രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ അടച്ചിടല്‍ വീണ്ടും നീട്ടിയേക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ഉന്നതതല സമിതിയംഗങ്ങള്‍ വിലയിരുത്തിയശേഷം മാത്രമേ നടപടിയുണ്ടാകൂ.

കോവിഡ് കേസുകള്‍ ഒറ്റയടിക്ക് കുത്തനെ കുറയില്ലെങ്കിലും കേസുകള്‍ ഉയരുന്നത് പിടിച്ചു നിര്‍ത്താനാകുമെന്നാണ് കരുതുന്നത്. ലോക്ഡൗണ്‍ കൊണ്ടുള്ള മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.