കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് കൊച്ചിയിലെത്തും. സെറം ഇന്‍സ്‌ററിറ്റിയൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിനാണിത്. 18- 45 പ്രായമുളളവരില്‍ ഗുരുതര രോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന.
ഇന്ന് ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിനുമായുള്ള വിമാനം എത്തുക. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ ഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നല്‍കും.
ഇതിനിടെ ഏതാനും സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണം തുടങ്ങി. 1250രൂപയാണ് ഈടാക്കുന്നത്. 18- 45 പ്രായമുളളവരില്‍ നിലവില്‍ കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കാണ് മുന്‍ഗണന. ഇവര്‍ക്ക് കോവിഡ് ബാധിക്കുന്നത് കൂടുതല്‍ അപകടകരമാകാന്‍ സാധ്യതയുള്ളതിനാലാണിത്. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.
കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഇടാക്കിയെന്ന പരാതിയില്‍ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യ വിഭാഗവും അന്വേഷണം ആരംഭിച്ചു.
ചികിത്സാ ഫീസുമായി ബന്ധപ്പെട്ട പരാതികളില്‍ നടത്തിയ പ്രാഥമിക പരിശോധയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ട് എ.ഡി.എം.ഒമാരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ ആശുപത്രിയില്‍ അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റിന് തൃശൂര്‍ സ്വദേശിയായ രോഗിയില്‍ നിന്ന് 37,352 രൂപയാണ് ഈടാക്കി എന്നായിരുന്നു ഒരു പരാതി. 1,67,381 രൂപയാണ് പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് അന്‍സന്‍ എന്ന രോഗിയ്ക്ക് കൊടുക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയും ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. 23 മണിക്കൂര്‍ ചികിത്സയ്ക്ക് ഇവരോട് 24,760 രൂപയാണ് വാങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.