തിരുവനന്തപുരം: മന്ത്രിസ്ഥാനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവുമായുള്ള സിപിഎം നേതാക്കളുടെ ആദ്യവട്ട ചര്‍ച്ച അലസി. രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തില്‍ ജോസ് പക്ഷം ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് സിപിഎം ഓഫര്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ജോസ് കെ മാണിയും റോഷി അഗസ്റ്റിയനുമാണ് ചര്‍ച്ച നടത്തിയത്.
മന്ത്രി സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ഘടക കക്ഷികളുമായുള്ള സി.പി.എം നേതാക്കളുടെ ചര്‍ച്ച തുടരുകയാണ്. മെയ് 17 നാണ് എല്‍ഡിഎഫ് യോഗം. ഇതിന് മുമ്പ് മന്ത്രിസ്ഥാനങ്ങള്‍ തീരുമാനിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്നാണ് പൊതുവികാരം.
കേരളാ കോണ്‍ഗഗ്രസ് എമ്മിനെ കൂടാതെ എന്‍.സി.പി, ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളുമായിട്ടാണ് സിപിഎം ചര്‍ച്ച നടത്തുക. എന്‍സിപി, ജനതാദള്‍ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. ആന്റണി രാജുവിനും കെ ബി ഗണേഷ് കുമാറിനും മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഒരാള്‍ മാത്രം ജയിച്ച ചെറുകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ ഇവരുടെ സാധ്യത അടയും. കോണ്‍ഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാവില്ല എന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.
സി.പി.ഐ നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കൈവശം വെച്ച് ചീഫ് വിപ്പ് സ്ഥാനം വിട്ടുകൊടുക്കുമെന്നാണ് സൂചന. സി.പി.എമ്മിന് കഴിഞ്ഞ തവണ 13 മന്ത്രിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ അത് 12 ആയി കുറയും.
ഇന്നും നാളെയുമായി മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. 17ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച അവസാന തീരുമാനം ഘടകക്ഷികളെ അറിയിക്കും. തുടര്‍ന്ന് 18 ന് എല്ലാ പാര്‍ട്ടികളുടേയും നേതൃയോഗം ചേര്‍ന്ന് മന്ത്രിമാരെ തീരുമാനിക്കും. ഇതിന് ശേഷം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കും. ഇരുപതിനാണ് സത്യപ്രതിജ്ഞ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.