സ്വര്‍ണക്കടത്തിലെ ഗൂഢാലോചന: അന്വേഷണ കമ്മീഷന്റെ വിഷയങ്ങളില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

സ്വര്‍ണക്കടത്തിലെ ഗൂഢാലോചന:  അന്വേഷണ കമ്മീഷന്റെ വിഷയങ്ങളില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള മനപ്പൂര്‍വമായ നീക്കമായി ആരോപിച്ചാണ് റിട്ട. ജസ്റ്റിസ് വി.കെ.മോഹനനെ സര്‍ക്കാര്‍ വിഷയം അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിഷനായി നിയമിച്ചത്.

കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് 1952 അനുസരിച്ചായിരുന്നു നടപടി. ആറു മാസമാണ് കമ്മിഷന്റെ കാലാവധി. ജൂലൈ മുതല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശ്യത്തില്‍നിന്ന് വ്യതിചലിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സ്വപ്നയുടേയും സന്ദീപിന്റെയും ജയിലില്‍നിന്നുള്ള വെളിപ്പെടുത്തലോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായെന്നും വിശദീകരണക്കുറുപ്പില്‍ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കാനുള്ള ശ്രമമുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ ശബ്ദശകലത്തിലെ വസ്തുതകള്‍ അന്വേഷിക്കുക, മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ കത്തിലെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക, സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തെറ്റായി പ്രതിചേര്‍ക്കുന്നതിനു ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കുക, ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാല്‍ ഇതിന് പിന്നിലെ വ്യക്തികളെ കണ്ടെത്തുക. കമ്മിഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കുക തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ പരിധിയില്‍ വരുന്നത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.