ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നിസ്വാര്‍ഥ സേവനത്തില്‍ ഏര്‍പ്പെടണമെന്ന് ഫ്രാന്‍സിസ് പാപ്പ

ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നിസ്വാര്‍ഥ സേവനത്തില്‍ ഏര്‍പ്പെടണമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നിസ്വാര്‍ഥമായ സേവനവും സമര്‍പ്പണവും അനിവാര്യമാണെന്നു ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച്ച ഉയിര്‍പ്പുകാലത്ത് ചൊല്ലുന്ന 'സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും' എന്ന പ്രാര്‍ഥന നയിക്കുന്നതിനിടെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാര്‍പാപ്പ. ദിവ്യബലിമധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായം 9 മുതല്‍ 17 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിശദീകരിച്ചത്.

ഒരു ക്രിസ്ത്യാനി യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് മാര്‍പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

യേശു, അവിടുത്തെ സ്‌നേഹത്തില്‍ വസിക്കാന്‍ നമ്മളെ ഏവരെയും ക്ഷണിക്കുന്നു. അങ്ങനെ ക്രിസ്്തുവിന്റെ സന്തോഷം നമ്മിലേക്കു പ്രസരിക്കുകയും നമ്മുടെ സന്തോഷം പൂര്‍ണമാകുകയും ചെയ്യും. യേശുവിന്റെ സ്‌നേഹത്തിന്റെ ഉത്ഭവം പിതാവായ ദൈവത്തില്‍നിന്നാണ്. ആ സ്‌നേഹം തന്റെ പുത്രനായ യേശുവിലൂടെ ഒരു നദിപോലെ നമ്മിലേക്കും ഒഴുക്കുന്നു.

പിതാവ് നല്‍കുന്ന അതേ സ്‌നേഹമാണ് യേശു നമുക്കും തരുന്നത്. പരിശുദ്ധവും വ്യവസ്ഥകള്‍ ഇല്ലാത്തതും അകമഴിഞ്ഞതുമായ സ്‌നേഹം. അതു നല്‍കുന്നതിലൂടെ പിതാവിനെ അറിയാന്‍ യേശു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ലോകത്തിന്റെ ജീവനുവേണ്ടിയുള്ള തന്റെ ദൗത്യത്തില്‍ അവന്‍ നമ്മെയും ഭാഗമാക്കുന്നു-പാപ്പ പറഞ്ഞു.

യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കാന്‍ നാം അവന്റെ കല്‍പ്പനകള്‍ അനുസരിക്കണം. 'ഞാന്‍ നിന്നെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്‌നേഹിപ്പിന്‍' എന്നതാകുന്നു അവിടുത്തെ കല്‍പന.

ക്രിസ്തുവിനെപ്പോലെ സ്‌നേഹിക്കുക എന്ന വാക്യത്തിന്റെ അര്‍ഥം, സ്വന്തം സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കപ്പുറത്തേക്കു പോകുക, സഹായം ആവശ്യമുള്ളവരിലേക്കു നമ്മുടെ ഹൃദയങ്ങളെ തുറക്കുക എന്നാണെന്നു ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു. ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതുപോലെ നിങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്കു വേണ്ടിയുള്ള നിസ്വാര്‍ഥ സേവനത്തില്‍ സ്വയം ഏര്‍പ്പെടുക. വാക്കുകളാല്‍ അല്ല, പ്രവൃത്തിയാല്‍ അത്രേ നാം സ്‌നേഹിക്കേണ്ടതെന്ന് യേശു ഓര്‍മിപ്പിക്കുന്നു.

ഭൗതിക ലോകം വാഗ്ദാനം ചെയ്യുന്ന പണം, അധികാരം എന്നിവയോടുള്ള സ്‌നേഹം ത്യജിക്കുമ്പോേഴ ക്രിസ്തുവിനെപ്പോലെ സ്‌നേഹിക്കാന്‍ നാം പ്രാപ്തരാകൂ. ഇത്തരം ചതിക്കുഴികള്‍ കര്‍ത്താവിന്റെ സ്‌നേഹത്തില്‍നിന്ന് അകറ്റുകയും നാം കൂടുതല്‍ സ്വാര്‍ത്ഥരും അഹംഭാവമുള്ളവരാകുകയും ചെയ്യുന്നു. ധിക്കാരം സ്‌നേഹത്തിന്റെ അധഃപതനത്തിലേക്കും മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിലേക്കും പ്രിയപ്പെട്ടവരുടെ ദുരിതത്തിലേക്കും നയിക്കും.

അക്രമമായി മാറുന്ന അനാരോഗ്യകരമായ സ്‌നേഹം അനുഭവിക്കേണ്ടി വരുന്ന അനേകം സ്ത്രീകളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. അതൊരിക്കലും യഥാര്‍ഥ സ്‌നേഹമല്ലെന്നു തിരിച്ചറിയണമെന്നു മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. കര്‍ത്താവ് നമ്മെ സ്‌നേഹിക്കുന്നപോലെ നാം മറ്റുള്ളവരെ സ്‌നേഹിക്കുക എന്നതിനര്‍ഥം, നമ്മുടെ അരികിലുള്ളവരെ ബഹുമാനിക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുക എന്നതാണ്. മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള ആഗ്രഹത്തെ നാം മറികടക്കണം, പകരം അവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിക്കണം.

ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ വസിക്കുമ്പോള്‍ ജീവിതത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ നാം പ്രാപ്തി നേടുന്നു. പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ അവിടുത്തെ സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നു, ജീവിതത്തില്‍ കൂടുതല്‍ ശ്രേഷ്ഠതയോടെ ഉയരാന്‍ സാധിക്കുന്നു. ഒരു യഥാര്‍ഥ ക്രിസ്ത്യാനിയുടെ സവിശേഷമായ അടയാളമാണ് സന്തോഷം.

യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കാനും അന്യോന്യം സ്‌നേഹിച്ച് വളരാനും വാഴ്ത്തപ്പെട്ട കന്യാമറിയം നമ്മെ സഹായിക്കട്ടെ എന്നു പ്രാര്‍ഥിച്ചാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

ലോകമെമ്പാടും ഇന്നലെ മാതൃദിനം ആഘോഷിച്ച വേളയില്‍, മാര്‍പാപ്പയും അമ്മമാരെ ആശിര്‍വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ലോകത്തെ എല്ലാ അമ്മമാരെയും ഇവിടെനിന്നു കടന്നു പോയ അമ്മമാരെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. എല്ലാ അമ്മമാര്‍ക്കും ഒരു കൈയ്യടി നല്‍കാന്‍ മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.