സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകള്‍: മൂന്ന് ജില്ലകളില്‍ രോഗവ്യാപനം കൂടുതല്‍

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകള്‍: മൂന്ന് ജില്ലകളില്‍ രോഗവ്യാപനം കൂടുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 300 ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിനു മുകളിലാണ്. 500 മുതല്‍ 2000 വരെ ആക്ടീവ് കേസുകളുള്ള 57 പഞ്ചായത്തുകളുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുകളുള്ള (ടിപിആര്‍) 19 പഞ്ചായത്തുകളുണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തുടരുകയാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തണം. മറ്റു ജില്ലകളില്‍ പതുക്കെ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയ് 15 വരെയുള്ള കണക്കെടുത്താല്‍ സംസ്ഥാനത്ത് 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഓക്‌സിജന്‍ വേസ്റ്റേജ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ചില കേസുകളില്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതു പരിശോധിക്കും.

എല്ലാ ജില്ലകളിലും ടെക്‌നിക്കല്‍ ടീം ഇതു പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റ് കൂടി അനുവദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉണ്ടാകുകയെന്നത് ആവശ്യമാണ്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിക്കും.

വിരമിച്ച ഡോക്ടര്‍മാര്‍, ലീവ് കഴിഞ്ഞ ഡോക്ടര്‍മാര്‍ ഇവരെയൊക്കെ ഉപയോഗിക്കാം. ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവമുണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിലേക്കു കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.