കത്തോലിക്കാ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ്; പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കെസിബിസി

കത്തോലിക്കാ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ്;   പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കെസിബിസി

കൊച്ചി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കത്തോലിക്ക സഭ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പുമായി കെസിബിസി. അതിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കെസിബിസി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

'അപകടസന്ദര്‍ഭങ്ങളില്‍ ശിഷ്യന്‍മാരെ രക്ഷിക്കാനെത്തുന്ന ഈശോയെയാണ് സുവിശേഷങ്ങളില്‍ കാണുന്നത്. മനുഷ്യവംശത്തിന് മുഴുവന്‍ രക്ഷ നല്‍കിയ ദൈവപുത്രനാണ് അവിടുന്ന്. വിശ്വാസക്കുറവാണ് അപകടസന്ധികളെ നേരിടാന്‍ ശിഷ്യന്‍മാരെ അശക്തരാക്കുന്നതെന്ന് അത്തരം സന്ദര്‍ഭങ്ങളില്‍ ഈശോ പറയുന്നു. ശിഷ്യന്‍മാര്‍ നേരിട്ടതിനേക്കാള്‍ അപകടകരമായ ഒരു സാഹചര്യമാണ് കോവിഡിന്റെ പിടിയിലായിരിക്കുന്ന ലോകജനതയുടെ അവസ്ഥ.
അതിനാല്‍ വിശ്വാസത്തോടെ ദൈവത്തില്‍ ആശ്രയിച്ച് പ്രവര്‍ത്തന നിരതരാകേണ്ട അവസരമാണ് പകര്‍ച്ചവ്യാധിയുടെ കാലം. പ്രാര്‍ത്ഥനയോടെ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ദൈവകൃപ നാം സ്വീകരിക്കണം. എല്ലാ ക്രൈസ്തവരും നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ കോവിഡില്‍ നിന്നുള്ള മോചനത്തിനായി പരിശ്രമിക്കണം.' പ്രാര്‍ത്ഥനയോടൊപ്പം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സര്‍ക്കുലറില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.

സര്‍ക്കുലറിലെ പ്രധാന പരാമര്‍ശങ്ങള്‍ ചുവടെ:

*കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമെ കത്തോലിക്കാ ആശുപത്രികള്‍ ഈടാക്കുകയുള്ളുവെന്ന് ഉറപ്പ് വരുത്തുക.
* കെസിബിസി കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ടെലി-മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനവും ടെലി-സൈക്കോ സോഷ്യല്‍ സേവനവും ഏര്‍പ്പെടുത്തി.
* എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാന്‍ ആവശ്യമായ ഫോണ്‍ നമ്പരുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുമാണ്.
* രൂപതാ സമിതികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്ന കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി അറിയുന്നതിനും സഹായകരമായ പള്‍സ് ഓക്സീമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍, സ്റ്റീം ഇന്‍ഹേലര്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയടങ്ങിയ കിറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയും വേണം.
* കത്തോലിക്ക സിസ്റ്റേഴ്സ് ഡോക്ടേഴ്സ് ഫോറത്തിന്റെ ടെലി-മെഡിസിന്‍ സേവനം കെസിബിസി ഏകോപന സമിതി വഴി ലഭ്യമാക്കും.
* കോവിഡ് വ്യാപനം തടയുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാസ്‌ക് ധരിക്കല്‍, രണ്ട് മീറ്റര്‍ അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള കൈകളുടെ ശുദ്ധീകരണം എന്നിവ കര്‍ശനമായി പാലിക്കുക. ഇതോടൊപ്പം പരിസര ശുചിത്വം ഉറപ്പ് വരുത്തുക. ഭവനങ്ങളിലും, ജോലി സ്ഥലങ്ങളിലും സാനിറ്റൈസേഷന്‍ നടത്തുക.
* ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍ എന്നിവരെ ബഹുമാനിക്കുകയും അവരോട് ആത്മാര്‍ത്ഥമായി സഹകരിക്കുകയും ചെയ്യണം.
* സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിത ശൈലി ക്രമീകരിക്കുക.രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക.
* സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങള്‍ അനുസരിച്ച് കഴിയുന്നത്ര വേഗത്തില്‍ എല്ലാവരും പ്രതിരോധ കുത്തിവെപ്പ് സ്വീരിക്കണം.
* മാധ്യമങ്ങളുടെ സഹായത്തോടെ കോവിഡ് രോഗികള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
കൂടാതെ കോവിഡ് പ്രതിരോധത്തിനും കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി കെസിബിസിയുടെ ഹെല്‍ത്ത് കമ്മീഷനും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ഘടകവും സോഷ്യല്‍ സര്‍വ്വീസ് ഫോറവും സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറവും ബന്ധപ്പെട്ട മറ്റ് കത്തോലിക്ക പ്രസ്ഥാനങ്ങളും സഹകരിച്ച് ആസൂത്രിതമായ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും സര്‍ക്കാരില്‍ നിന്നുള്ള സഹകരണങ്ങള്‍ സ്വീകരിച്ചുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളെല്ലാം സജീവമായി രംഗത്തുണ്ട്. സഭയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം മാധ്യമങ്ങളിലൂടെ അറിയിക്കും.
അതേപോലെ പി.ഒ.സി കേന്ദ്രീകൃതമായി ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ കെസിബിസി കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സമിതിയുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍ ഇവയാണ്: 9072822364, 9072822365, 9072822366, 9072822367, 9072822368, 9072822370 എന്നിവയാണ്.
പരസ്പരം സഹായവും ആശ്വാസവും ആവശ്യമായ കാലഘട്ടമാണിതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.