കോട്ടയം: മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (65) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സൂപ്പര്‍ താരങ്ങളുടെ വളര്‍ച്ച അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നത് ഡെന്നീസ് ജോസഫിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകന്‍ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത്. കെ.ജി ജോര്‍ജ്, ടി.എസ് സുരേഷ് ബാബു, സിബി മലയില്‍, ഹരിഹരന്‍ എന്നിവര്‍ക്കായും സിനിമകള്‍ എഴുതി.
കോട്ടയം ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം.എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിന്നും ബിരുദവും നേടി. സിനിമാ ലേഖകനായിട്ടാണ് സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത്. പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലാണ് ഏറ്റവും അവസാനം പ്രവര്‍ത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.