ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ചെപ്പോക്കിലെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ കാണാനാണ് ആഗ്രഹം. ആ ടീമിനെ ഐപില്‍ ടൂർണമെന്‍റിന്‍റെ രണ്ടാം പകുതിയില്‍ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവരുടെ ടീം സെലക്ഷന്‍ തന്നെ നോക്കുക. രണ്ട് ലെഗ് സ്പിന്നേഴ്സ്, ഒരു ഫിംഗർ സ്പിന്നർ അങ്ങനെ മൂന്ന് സ്പിന്നേഴ്സിനെ ടീമില്‍ ഉള്‍പ്പെടുത്തി. ടോസ് ലഭിച്ചാല്‍ ബാറ്റ് ചെയ്യാം. അതല്ല രണ്ടാമത് ബാറ്റുചെയ്യുകയാണെങ്കില്‍ ഡിഫന്‍റ് ചെയ്യാമെന്ന് ഉറപ്പിച്ചാണ് ചെന്നൈയെത്തിയത്. ഒരു ബാറ്റ്സ്മാനെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് പകരം ഡെയ്ന്‍ ബ്രാവോയുടേയും കരണ്‍ ശർമ്മയുടേയും ബാറ്റിംഗില്‍ കുറച്ച് വിശ്വാസമർപ്പിച്ച് ഒരു എക്സ്ട്രാ ബൗളിംഗ് ഓപ്ഷന്‍ ചെന്നൈയും ധോനിയും കൊണ്ടുവന്നു. ചെപ്പോക്കിലെ മൈതാനത്തിലെ വിക്കറ്റിന്‍റെ അതേ രീതിയിലേക്ക് യുഎഇയിലെ വിക്കറ്റുകള്‍ വന്നുതുടങ്ങിയെന്നാണ് തോന്നുന്നത്. ഇതു മുന്നില്‍ കണ്ടുകൊണ്ടുതന്നെയാവണം മിച്ചല്‍ സാറ്റ്നെറും ഇമ്രാന്‍ താഹിറുമടക്കമുളള സ്പിന്നേഴ്സിനെ ഉള്‍പ്പെടുത്തി ടീമിനെ ചെന്നൈ സൂപ്പർ കിംഗ്സ് ഒരുക്കിയത്. തുടക്കത്തില്‍ ലുങ്കി ഇങ്കിടിയെപ്പോലുളളതാരത്തെ ഉപയോഗിക്കേണ്ട ആവശ്യകതയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടിലെന്നുളളത് മറ്റൊരു കാര്യം. ഇപ്പോള്‍ ടീം കുറച്ചുകൂടി സെറ്റില്‍ഡായെന്ന് പറയാം. മധ്യനിരയുടെ പരിചയസമ്പത്ത് വെല്ലുവിളിയായിരുന്നു ചെന്നൈയ്ക്ക്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സാം കരണിനെ തുടക്കത്തില്‍ ഉപയോഗിക്കാനുളള ധോനിയുടെ ശ്രമം വിജയം കണ്ടു. ഇതോടെ ഷെയ്ന്‍ വാട്സണെ മധ്യനിരയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞു. തുടർച്ചയായ മത്സരങ്ങള്‍ കളിക്കുന്നതുമൂലം യുഎഇയിലെ മിക്കവാറും വിക്കറ്റുകള്‍ ആദ്യം ബാറ്റുചെയ്യുന്ന ടീമിന് അനുയോജ്യമാകുന്ന രീതിയിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ ടീമുകളും ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനമെടുക്കുന്നതും. 170 ന് മുകളില്‍ റണ്‍സ് പിന്തുടർന്ന് ജയിക്കണമെങ്കില്‍ നല്ല ഒന്നോ രണ്ടോ ഇന്നിംഗ്സുണ്ടാവണം. സണ്‍റൈസേഴ്സില്‍ നിന്നും ചെന്നൈയ്ക്കെതിരെ അതുണ്ടായില്ല.സണ്‍റൈസേഴ്സിന്‍റെ ബാറ്റിംഗ് ശക്തികളായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും അവരില്‍ നിന്ന് അത്തരമൊരു ഇന്നിംഗ്സുണ്ടായില്ല. അനായാസം സിംഗിളുകള്‍ നേടാന്‍ സാധിക്കുന്ന കെയ്ന്‍ വില്ല്യംസണെ പോലുളളവർക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കും അപ്പോഴും ഒരു ഫിനിഷറുടെ അഭാവം ടീമിനുണ്ട്. അബ്ദുള്‍ സമദിനെ പരീക്ഷിച്ചെങ്കിലും അത് ഫലം കണ്ടില്ല. വിജയ് ശങ്കറിന്‍റെ പരിമിതികള്‍ ഒന്നുകൂടി വ്യക്തമായ മത്സരമായിരുന്നു.റാഷിദ് ഖാനെന്ന ഒറ്റയാള്‍ പോരാട്ടം കൊണ്ടുമാത്രം എല്ലാ മത്സരവും ജയിക്കാനും പറ്റില്ല. സണ്‍റൈസേഴ്സിന് ഇനിയുളള മത്സരങ്ങള്‍ കടുത്തതായിരിക്കുമെന്ന് ചുരുക്കം. പക്ഷെ അവരുടെ സാധ്യത ഒരു ടോട്ടല്‍ നേടിയെടുത്ത് ഡിഫന്‍റ് ചെയ്യുകയെന്നുളളതാണ്.
ചെന്നൈയ്ക്കെതിരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ചെയ്സ് ചെയ്യുമ്പോള്‍ വിക്കറ്റ് പോകുമോയെന്നുളള ഭയമാണ് റാഷിദ് ഖാനെ അപകടകാരിയായ ബൗളറാക്കുന്നത്. ചെയ്സ് ചെയ്യുന്ന സമയത്ത് കെയ്ന്‍ വില്ല്യംസണ് തിളങ്ങാന്‍ കഴിഞ്ഞില്ല. മനീഷ് പാണ്ഡെയുടെ റണ്ണൗട്ട് തിരിച്ചടിയായി. ടീമിനെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷയുളള താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ലെന്നുളളതാണ് തോല്‍വിക്ക് കാരണമായത്. മികച്ച ക്യാപ്റ്റന്‍സിയിലൂടെ കൃത്യമായ ആളുകളെ കൃത്യമായസമയത്ത് ഉപയോഗിക്കാന്‍ ധോനിക്ക് കഴിഞ്ഞത് ചെന്നൈയ്ക്ക് നേട്ടമാവുകയും ചെയ്തു.ടോസ് ലഭിച്ചതിന് ശേഷം 2010 ലെ അവരുടെ പ്രകടനത്തെ ഓർത്തെടുക്കുകയും അത്തരമൊരു ആത്മവിശ്വാസം ടീമിന് കൊടുക്കുകയും ചെയ്യുന്നത് മഹേന്ദ്രസിംഗ് ധോനിയെന്ന ക്യാപ്റ്റന്‍റെ മികവാണെന്ന് പറയാതെ വയ്യ. ഓരോരുത്തർക്കും അവരുടേതായ റോളുണ്ടെന്ന് ഓർമ്മപ്പെടുത്തുകയും സാം കരണിനെ മുന്നോട്ട് കൊണ്ടുവന്നതുമൊക്കെ ധോനിയുടെ നല്ല തീരുമാനങ്ങളായി. ദീപക് ചാഹറിന്‍റെ ആദ്യ നാല് ഓവറുകളില്‍ ഉപയോഗിക്കുന്നു പിന്നീട് സ്പിന്നേഴ്സിനെ കൊണ്ടുവരുന്നു അതും ഗുണമായി. നിർണായകമായ ഓവർ കരണ്‍ ശർമ്മയ്ക്ക് കൊടുത്തതുവഴി കെയ്ന്‍ വില്ല്യംസണെ പുറത്താക്കാന്‍ കഴിഞ്ഞു. കെയ്ന്‍ വില്ല്യംസണ്‍ അവസാന ഓവറുകള്‍ നിന്നിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി ബുദ്ധിമുട്ടാവുമായിരുന്നു. ധോനിയുടെ ക്യാപ്റ്റന്‍സി മികച്ചുനിന്ന മത്സരമായിരുന്നു സണ്‍റൈസേഴ്സിനെതിരെയെന്ന് നിസ്സംശയം പറയാം.
സ്കോർ CSK 167/6 (20)SRH 147/8 (20)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.