സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതം; ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദവി അലങ്കരിച്ച ഇന്ത്യന്‍ വനിത

സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതം; ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദവി അലങ്കരിച്ച ഇന്ത്യന്‍ വനിത

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ അതി ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു കെ.ആര്‍ ഗൗരിയമ്മയുടേത്. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പദവിയിലേക്ക് വരെ ഉയര്‍ന്നുകേട്ടിരുന്ന പേര്. സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതം. 1987ലെ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ മുന്നില്‍നിര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം.

എന്നാല്‍, അധികാരത്തിലെത്തിയപ്പോള്‍ പിന്നാക്ക ജാതിക്കാരിയായതുകൊണ്ട് ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നു എന്ന് ഗൗരിയമ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയതിന് ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണമെന്നും അവര്‍ ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തിയ 1957ലെ മന്ത്രിസഭയിലെ തലയെടുപ്പുള്ള അംഗമായിരുന്നു ഗൗരിയമ്മ. കേരളത്തിലെ ഏറ്റവും സുപ്രധാനമായ ഭൂപരിഷ്‌കരണ നിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ റവന്യൂ മന്ത്രി എന്ന നിലയില്‍ ചരിത്രം എക്കാലവും ഗൗരിയമ്മയെ ഓര്‍ത്തു വെക്കും. 1957ലെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ തെരഞ്ഞെടുക്കപ്പെട്ടത്.

ഇ.എം.എസിന്റെ നേതൃത്വത്തില്‍ സി. അച്യുതമേനോന്‍, ടി.വി. തോമസ്, കെ.സി. ജോര്‍ജ്, ജോസഫ് മുണ്ടശ്ശേരി, വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. എ.ആര്‍. മേനോന്‍, കെ.പി. ഗോപാലന്‍, ടി.എ. മജീദ്, പി.കെ. ചാത്തന്‍, തുടങ്ങിയവര്‍ക്കൊപ്പം 37ാം വയസിലാണ് കെ.ആര്‍. ഗൗരി മന്ത്രിയാകുന്നത്. ഗൗരിക്ക് റവന്യൂ, ലാന്‍ഡ് എന്നീ സുപ്രധാന വകുപ്പുകളാണ് ലഭിച്ചത്.

1948ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ആയിരുന്നു ഗൗരിയമ്മയുടെ ആദ്യ തെരഞ്ഞെടുപ്പ് അങ്കം. അതും ഡമ്മി സ്ഥാനാര്‍ഥിയായി. ചേര്‍ത്തല കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്ന ഗൗരിയമ്മയോട് പി.കൃഷ്ണപിള്ളിയാണ് നാമനിര്‍ദേശ പത്രിക നല്‍കാന്‍ ആവശ്യപ്പെട്ടത്. മത്സരിച്ചു ജയിച്ചാല്‍ വക്കീല്‍ ജോലിയില്‍ നിന്നുള്ള വരുമാനം നിലക്കുമല്ലോയെന്നുള്ള വിഷമമായിരുന്നു ഗൗരിയമ്മക്ക് ആദ്യം.

വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കുമാരപ്പണിക്കര്‍ ഒളിവിലായതിനാല്‍ അദ്ദേഹത്തിന്റെ ഡമ്മിയായിട്ടാണ് ഗൗരിയമ്മ പത്രിക സമര്‍പ്പിച്ചത്. പക്ഷേ, കുമാരപ്പണിക്കര്‍ക്കു തെരഞ്ഞെടുപ്പു വേളയിലും കേസ് ഒഴിവാക്കി പുറത്തുവരാന്‍ കഴിയാത്തതിനാല്‍ ഗൗരിയമ്മയ്ക്കു മല്‍സരിക്കേണ്ടി വന്നു. പക്ഷേ, പരാജയമായിരുന്നു ഫലം. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ പരാജയപ്പെട്ട ആ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ചകാശു തിരിച്ചുകിട്ടിയ നാലു കമ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു ഗൗരിയമ്മ.

തിരു-കൊച്ചി നിയമസഭയിലേക്ക് 1952ല്‍ നടന്ന തെരഞ്ഞെടുപ്പിലാണു കന്നിവിജയം സ്വന്തമാക്കിയത്. പിന്നീടുള്ളതെല്ലാം രാഷ്ട്രീയ ചരിത്രം. 1954ലും വിജയം ആവര്‍ത്തിച്ചു. കേരളം രൂപീകരിക്കുന്നതിനു മുേമ്പ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുള്ള ഗൗരിയമ്മയെ 1957ല്‍ കേരള സംസ്ഥാനത്തിന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രധാന സ്ഥാനാര്‍ഥികളിലൊരാളായി കണക്കാക്കിയാണു ചേര്‍ത്തലയില്‍ നിര്‍ത്തിയത്.

പാര്‍ട്ടിയും ഗൗരിയമ്മയും ഒരുപോലെ വിജയിച്ച ആ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭാംഗം, ആദ്യ വനിതാ മന്ത്രി തുടങ്ങിയ നേട്ടങ്ങള്‍ ഗൗരിയമ്മ സ്വന്തമാക്കി. പിന്നീട്, 2011 വരെ നീണ്ട തെരഞ്ഞെടുപ്പു കാലം. അതില്‍ നാലുതവണ മാത്രമാണു ഗൗരിയമ്മ പരാജയപ്പെട്ടിട്ടുള്ളത്. 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍.

ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോര്‍ഡും ഗൗരിയമ്മക്ക് സ്വന്തം. 1957ലെ ഒന്നാം ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹിക സുരക്ഷ വകുപ്പുകള്‍ ലഭിച്ചു.

1980ലെ ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കൃഷി, സാമൂഹികക്ഷേമം വകുപ്പുകളും 1987ലെ രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, സാമൂഹികക്ഷേമം വകുപ്പുകളും കൈകാര്യം ചെയ്തു. 2001ലെ മൂന്നാം ആന്റണി മന്ത്രിസഭയില്‍ കൃഷി, കയര്‍ മന്ത്രിയായിരുന്നു. 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും കൃഷി, കയര്‍ വകുപ്പുകള്‍ ഗൗരിയമ്മ കൈകാര്യം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.