കേരള രാഷ്ട്രീയത്തിലെ ഏക മന്ത്രി ദമ്പതികള്‍; ആദര്‍ശങ്ങളുടെ കാരിരുമ്പില്‍ തട്ടി പാതിവഴിയില്‍ വേര്‍പിരിഞ്ഞു

കേരള രാഷ്ട്രീയത്തിലെ ഏക മന്ത്രി ദമ്പതികള്‍; ആദര്‍ശങ്ങളുടെ കാരിരുമ്പില്‍ തട്ടി പാതിവഴിയില്‍ വേര്‍പിരിഞ്ഞു

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ഏക മന്ത്രി ദമ്പതികളായിരുന്നു ഗൗരിയമ്മയും ടി.വി തോമസും. 1957ലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയില്‍ ഗൗരിയമ്മ റവന്യൂ വകുപ്പും ടി.വി. തോമസ് വ്യവസായ, തൊഴില്‍ വകുപ്പുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ഒരേ പാര്‍ട്ടിയില്‍, ഒരേ ആദര്‍ശത്തിന്റെ കാറ്റും കോളുമേറ്റ് പരസ്പരം തോന്നിയ ഇഷ്ടമായിരുന്നു അവരുടേത്. ഏന്നാല്‍ ആദര്‍ശങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ പിന്നീടും ഇരുവരും വിട്ടു വീഴ്ചയ്‌ക്കൊരുങ്ങാതെ വന്നപ്പോള്‍ ബന്ധം വേര്‍പിരിഞ്ഞു. താന്‍ അങ്ങോട്ടു കയറി ടി.വിയെ പ്രണയിക്കുകയായിരുന്നില്ലെന്ന് ഗൗരിയമ്മ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തില്‍ 1957 മേയ് 30നായിരുന്നു ടി.വി തോമസിന്റെയും ഗൗരിയമ്മയുടെയും വിവാഹം. അതിനുമുമ്പ് ആരുമറിയാതെ തിരുനെല്‍വേലിയില്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ ശ്രമിച്ചെങ്കിലും സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം ഒരു മാസം മുമ്പേ നോട്ടീസ് നല്‍കി മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാവൂ എന്നറിയുന്നത്. അതോടെയാണ് പ്രണയരഹസ്യം പരസ്യമാകുന്നത്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേര്‍പിരിഞ്ഞു.

ടി.വി. തോമസിന്റെ അന്ത്യനിമിഷങ്ങളില്‍ കൂടെയില്ലാതെ പോയതിന്റെ ദുഖം ഗൗരിയമ്മയ്ക്ക് എന്നുമുണ്ടായിരുന്നു. ബോംബെയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ടി.വിയെ കാണാന്‍ പാര്‍ട്ടി അനുമതി വാങ്ങിയാണ് പോയത്. രണ്ടാഴ്ചയോളം ബോംബെയിലെ ആശുപത്രിയില്‍ ടി.വിയെ പരിചരിച്ചു.

പിരിയാന്‍ നേരം അദ്ദേഹം ഒരുപാട് കരഞ്ഞെന്ന് ഗൗരിയമ്മ ഓര്‍ക്കുമായിരുന്നു. പിന്നീട് കാണാനായില്ല. 1977 മാര്‍ച്ച് 26ന് ടി.വി മരിച്ചു. തിരുവനന്തപുരത്ത് മൃതദേഹം കാണാന്‍ മാത്രമാണ് പോയത്. മൃതദേഹം മൂടിയിരുന്ന തുണി നീക്കി ആ മുഖമൊന്ന് കണ്ടു. ചാത്തനാട്ടെ വീട്ടില്‍ മൃതദേഹം കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല എന്നും ഗൗരിയമ്മ പിന്നീട് പറഞ്ഞു. തന്റെ പിന്‍മുറ കാക്കാന്‍ മക്കളില്ലാതെ പോയത് ഗൗരിയമ്മയുടെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമായിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.