കൊച്ചി: കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ മലയാളികളെ കണ്ണീരീറനണിയിച്ച് വിട പറഞ്ഞത് രാഷ്ട്രീയ, സിനിമ, സാഹിത്യ മേഖലകളിലെ മൂന്ന് സുപ്രധാന വ്യക്തിത്വങ്ങള്‍.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ ചാര്‍ത്തിയ മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മ എന്ന വിപ്ലവ നായിക, മലയാള സിനിമകളുടെ പതിവ് പാതകളില്‍ നിന്നും തന്റെ നായകന്മാരെ മാറ്റി നടത്തി പുതിയൊരു സിനിമാ സംസ്‌കാരത്തിന് തുടക്കം കുറിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്നിവരുടെ വേര്‍പാട് കേരളത്തിന് തീരാ നഷ്ടമായി.
തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അസാധാരണ പ്രതിഭകളായിരുന്നു മൂവരും. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്ന ഗൗരിയമ്മ ആറ് മന്ത്രിസഭകളിലായി പതിനാറ് വര്‍ഷം മന്ത്രിയായി ഇന്ത്യയില്‍ ഏറ്റവും അധിക കാലം സംസ്ഥാന മന്ത്രിയായിരുന്ന വനിത എന്ന റെക്കോഡിന് ഉടമയാണ്. ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു.
ഒരു കാലത്ത് മലയാള സിനിമയെ തന്റെ തൂലികയ്ക്കു ചുറ്റം വട്ടം കറക്കിയ ഡെന്നീസ് ജോസഫ് എന്ന മാന്ത്രിക തിരക്കഥാകൃത്തിന്റെ തൂലികയില്‍ പിറന്നുവീണ സൂപ്പര്‍ കഥാപാത്രങ്ങളും ഹിറ്റ് സിനിമകളും നിരവധി ആയിരുന്നു. ഡെന്നിസ് സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ നെറുകയില്‍ ചിരപ്രതിഷ്ഠ നേടിയത്. രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, കോട്ടയം കുഞ്ഞച്ചന്‍, വഴിയോരക്കാഴ്ചകള്‍, നായര്‍സാബ്, മനു അങ്കിള്‍ അങ്ങനെ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്ര എന്നീ നോവലുകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ വ്യക്തിയായിരുന്നു മാടമ്പ് കുഞ്ഞിക്കുട്ടന്‍. ദേശാടനം. കരുണം, പരിണാമം, മകള്‍ക്ക് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍, പൈതൃകം, അഗ്‌നിസാക്ഷി ആനച്ചന്തം, വടക്കുംനാഥന്‍, കരുണം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഗൗരിയമ്മ 102-ാം വയസില്‍ വാര്‍ദ്ധക്യകാല രോഗത്തെ തുടര്‍ന്ന് വിട പറഞ്ഞപ്പോള്‍ മാടമ്പിന്റെ അന്ത്യം 81-ാം വയസില്‍ കോവിഡ് ബാധിച്ചായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 65-ാം വയസില്‍ ഡെന്നിസ് ജോസഫിന്റെ മരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.