ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും നഴ്‌സ് ആയി ജോലി ചെയ്തശേഷം യു.കെയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിന്‍ നമ്പര്‍ ലഭിക്കാത്തതിനാല്‍ സീനിയര്‍ കെയര്‍ ആയി കഴിയേണ്ടി വന്നിട്ടുള്ളവരെക്കുറിച്ചാണ് ഈ ലേഖനം. അങ്ങനെയുള്ളവര്‍ക്ക് എന്‍.എം.സി രജിസ്‌ട്രേഷന്‍ ലഭിക്കാനുള്ള സാധ്യതകള്‍ അകലെയല്ല എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ തെളിയിക്കുന്നത്. ഈ ലേഖനം അതിനു വേണ്ടിയുള്ള ഒരു എളിയ ശ്രമം മാത്രം.
ടോണി ബ്ലയര്‍ പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍, 2006 വരെ ഐ.ഇ.എല്‍.ടി.എസ്. ഇല്ലാതെ പിന്‍ നമ്പര്‍ ലഭിക്കാനുള്ള അവസരം ഉണ്ടായിരുന്നു എന്നത്യു.കെ മലയാളികള്‍ ഇന്നും നന്ദിയോടെ മാത്രമാണ് ഓര്‍മിക്കുന്നത്. അന്നൊക്കെ ഓവര്‍സീസ് അഡാപ്‌റ്റേഷന്‍ പ്രോഗ്രാം (ഒ.എ.പി) ആയിരുന്നു പിന്‍ നമ്പര്‍ ലഭിക്കാനുള്ള ഏക മാനദണ്ഡം. എങ്കിലും, പലവിധ കാരണങ്ങളാല്‍ ഒ.എ.പി ലഭിക്കാതെ പോവുകയും, അതിനുള്ള സാധ്യതകള്‍ നിര്‍ഭാഗ്യവശാല്‍ നിഷേധിക്കപ്പെടുകയും ചെയ്ത നഴ്സുമാര്‍ ധാരാളം പേരുണ്ടായിരുന്നു എന്നത് അധികമൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
2006 മുതല്‍ 2008 വരെ ഇന്ത്യയില്‍നിന്നും ഗള്‍ഫ് നാടുകളില്‍നിന്നും സീനിയര്‍ കെയര്‍ വിസയില്‍ കുടിയേറിയ നഴ്‌സുമാരുടെ സംഖ്യ വളരെയധികമാണ്. അന്നൊക്കെ നഴ്‌സിംഗ് ഹോമുകളിലും കെയര്‍ ഹോമുകളിലും ജോലി ചെയ്തിരുന്നവരില്‍ ഭൂരിഭാഗം പേരും ഇന്ന് എന്‍.എച്ച്.എസില്‍ ഉണ്ട്. ഇവരുടെ കൃത്യമായ കണക്കെടുപ്പ് ഇതുവരെയും എടുത്തിട്ടില്ല എന്നതു വസ്തുതയാണ്.
പെര്‍മനന്റ് റെസിഡന്‍സി സ്റ്റാറ്റസുംബ്രിട്ടീഷ് പൗരത്വവും നേടി ഈ രാജ്യത്തു പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പലര്‍ക്കും പിന്‍ നമ്പര്‍ കിട്ടാക്കനിയായി അവശേഷിക്കുന്നു. ഭാഗ്യവശാല്‍, ചുരുക്കം ചിലര്‍ ഐ.ഇ.എല്‍.ടി.എസ്. സ്‌കോര്‍ നേടി രജിസ്‌ട്രേഷന്‍ കടമ്പ കടക്കുകയും ചെയ്തു.
നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ രാജ്യത്തെ രജിസ്‌ട്രേഷന്‍ ഇപ്പോഴും പുതുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത് എന്നെങ്കിലും എന്‍.എം.സി കണ്ണു തുറക്കും എന്നു കരുതിയാണെന്ന് ഇവരില്‍ ചിലരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ഇംഗ്ലീഷ് പരിജ്ഞാനമോ കഴിവുകളോ മറ്റു യോഗ്യതകളോ ഒന്നും എന്‍.എം.സി പരിഗണിക്കുന്നില്ല എന്നത് പലരും വേദനയോടെ പങ്കുവച്ചു. മറ്റു ഭാഷ സംസാരിക്കുന്ന യൂറോപ്യന്‍ യൂണിയനില്‍ ഉള്ളവരെ പ്രത്യേകമായി പരിഗണിക്കുമ്പോള്‍ ഇവിടുത്തെ പൗരത്വമുള്ള, വര്‍ഷങ്ങളായി ബാന്‍ഡ്2,3,4 ആയി എന്‍.എച്ച്.എസില്‍ സേവനം ചെയുന്നവരെ പരിഗണിക്കാതെ വരുന്നതിലെ വൈരുദ്ധ്യം ഈ രാജ്യത്തിന്റെ നീതി ബോധത്തിന് ഒട്ടും യോചിച്ചതല്ല.
ഒരു കാലഘട്ടത്തില്‍ ഐ.ഇ.എല്‍.ടി.എസിനായിരുന്നു ഡിമാന്‍ഡ്. എന്നാല്‍ ഇത് ഒ.ഇ.ടിയുടെ കാലമാണല്ലോ. 28 തവണ വരെ ഒ.ഇ.ടി എഴുതിയവരും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരും യു.കയില്‍ ഉണ്ട് എന്ന് അതിശയോക്തി കൂടാതെ പറയാന്‍ ഈ ലേഖകന് കഴിയും. 587 ഡോളര്‍ വച്ച് 120 സെന്ററുകളിലായി 40 രാജ്യങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് മാസം തോറും ഒഴുകുന്ന പണത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിലെ കാര്യം പറയേണ്ടതില്ല. നഴ്‌സിംഗ് സംബന്ധമായ ചോദ്യങ്ങള്‍ ആണ് നഴ്‌സുമാരെ ഒ.ഇ.ടി എഴുതാന്‍ പ്രേരിപ്പിക്കുന്നത് എങ്കിലും സുതാര്യമല്ലാത്ത ഇത്തരം സംവിധാനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പകരം തത്തുല്യമായ മാര്‍ഗങ്ങള്‍ ഒരുക്കാന്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്താന്‍ ആരെങ്കിലും രംഗത്തു വന്നിരുന്നെങ്കില്‍ എന്നു വെറുതെ ആശിച്ചു പോകുന്നു.
സുതാര്യമായ പരീക്ഷാ സംവിധാനങ്ങളില്‍ തെറ്റുപറ്റിയത് എവിടെയെന്ന് അറിയാനുള്ള അവകാശം ഉദ്യോഗാര്‍ഥിക്കുണ്ട്. അതേസമയം ഒ.ഇ.ടി എഴുതുന്നവര്‍ക്ക് അതിനുള്ള അവസരമില്ല. ഐ.ഇ.എല്‍.ടി.എസിന്റെ സ്ഥിതിയും മറിച്ചല്ല. ഇംഗ്ലീഷുകാര്‍ പോലും പാസാകാനിടയില്ലാത്ത പരീക്ഷാ നടത്തിപ്പില്‍, മാറ്റംവരുത്താന്‍ തയ്യാറാകാത്തപക്ഷം നഷ്ടം എന്നും പാവപ്പെട്ട കുട്ടികള്‍ക്കു മാത്രമാണ്. ഉദാഹരണത്തിന്, പത്രപ്രവര്‍ത്തകര്‍ക്കും പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കും ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഒരു നഴ്‌സിന് ആവശ്യമില്ല.
ഈ മാലാഖമാര്‍ക്ക് വേണ്ടി ഇതിനകം പലയിടങ്ങളില്‍നിന്നും ശബ്ദം ഉയരുന്നുണ്ട്. പലരും സംഘടിക്കുകയും ഇടപെടല്‍ നടത്തുകയും ചെയ്യുന്നത് ആശാവഹമാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഉള്ള സുജി തോമസ് അതിലൊരാളാണ്. ഇത്തരം ശ്രമങ്ങള്‍ നഴ്‌സുമാരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
നഴ്‌സിംഗ് സര്‍ക്കിള്‍യു.കെ എന്ന പേരില്‍ അദ്ദേഹം 500 പേരെ ഒരുമിച്ചു ചേര്‍ക്കുകയും പല നിവേദനങ്ങളിലൂടെ എന്‍.എം.സി പോലുള്ള അധികാര കേന്ദ്രങ്ങളെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഐ.ഇ.എല്‍.ടി.എസ് സ്‌കോര്‍ ഏഴില്‍ നിന്ന് കുറയ്ക്കാനും പിന്‍ നമ്പര്‍ ലഭിക്കാനുള്ള തടസം മറികടക്കാന്‍ മറ്റു പോംവഴികള്‍ നിര്‍ദേശിക്കാനും നിവേദനങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലീവ് ട്ടോ റീമെയ്ന്‍, പെര്‍മനെന്റ് റസിഡന്റ്സി സ്റ്റാറ്റസ്, ബ്രിട്ടീഷ് സിറ്റിസണ്‍ഷിപ്ഉള്ളവരെ പ്രത്യേകമായി പരിഗണിക്കാനുള്ള ആവശ്യങ്ങള്‍ വ്യക്തിപരമായും ഒരുമിച്ചും പല എന്‍.എച്ച്.എസ്. ട്രസ്റ്റുകളെയും വിവിധ എം.പിമാരെയും അറിയിച്ച വിവരങ്ങള്‍ ലഭ്യമാണ്. പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കാനുള്ള സാധ്യതകളും ആരാഞ്ഞതാണ്. പക്ഷെ അധികാരികള്‍ അതൊക്കെ അവഗണിക്കുന്നു. ഇത്രയേറെ അസോസിയേഷനുകളും സംഘടനകളും യു.കെയില്‍ ഉണ്ടായിട്ടും ഇവര്‍ക്കുവേണ്ടി ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ആരും മെനക്കെട്ടില്ല എന്നത് കൂട്ടിവായിക്കേണ്ടതാണ്.
എന്നിരുന്നാലും, ഓര്‍ഗന്‍ ഡോണേഷന്‍ കാമ്പെയിന്‍ നടത്തി യു.കെ മലയാളികള്‍ക്ക് സുപരിചിതയായ ഡോ. അജിമോള്‍ പ്രദീപ്, സാല്‍ഫോര്‍ഡ്യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായഡോ. ഡില്ല ഡേവിസ് എന്നിവര്‍ നടത്തിയ 2 വര്‍ഷത്തെ നിശബ്ദ യുദ്ധത്തിനോടുവില്‍ ഈ വിഷയത്തില്‍ വ്യക്തമായ ഒരു പുതിയ മാനം കൈവരികയാണ്. യൂണിവേഴ്‌സിറ്റി ഓഫ് സാല്‍ഫോര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റി, മാര്‍ട്ടിന്‍ ജോണ്‍സന്‍ എമെറിറ്റസ് പ്രൊഫസര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശപ്രകാരം ഈ വിഷയത്തില്‍ പഠനം നടത്തുകയും വസ്തുതകളുടെ അടിസ്ഥാനത്തില്‍ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റി ഡയറക്ടറേറ്റ് ഡീനറി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ആ വിഭാഗത്തിന്റെ ഡീനും സഹഡീനും ഈ വിഷയത്തെ ഗൗരവകരമായി കാണുകയും അംഗീകരിക്കുകയും ചെയ്തു എന്നതാണ് പ്രതീക്ഷയക്കു വക നല്‍കുന്നത്. അവരുടെ അനുഭാവപൂര്‍ണമായ നിര്‍ദേശപ്രകാരം പിന്‍ നമ്പര്‍ ഇല്ലാത്തവരുടെ സര്‍വേ നടത്താനും എത്രയും പെട്ടെന്ന് അങ്ങനെയുള്ളവരുടെ ലിസ്റ്റ് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. അതിന്റെ വെളിച്ചത്തില്‍ തുടങ്ങിയ സര്‍വേയുടെ ആദ്യ ദിനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 600 എന്ന നമ്പര്‍ സന്തോഷം നല്‍കുന്നു. ഇതിനു താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരമാവധി ഷെയര്‍ ചെയ്ത് ഈ സംരംഭം വിജയിപ്പിക്കുക എന്നത് ഓരോയു.കെ മലയാളിയുടെയും കടമയാണ്.
ഇന്ത്യയില്‍നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ 5 വര്‍ഷത്തില്‍ കൂടുതല്‍യു.കെ യില്‍ സ്ഥിര താമസക്കാരായ ആരെങ്കിലും പിന്‍ നമ്പര്‍ ലഭിക്കാതെ ഉണ്ടെങ്കില്‍ മേയ് 15 നു മുന്‍പായി താഴെയുള്ള ലിങ്കില്‍ ചെന്ന് ചോദ്യങ്ങള്‍ പൂരിപ്പിക്കുക. നിങ്ങളുടെ പങ്കാളിത്തം യു.കെയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ശക്തമായി അവതരിപ്പിക്കാന്‍ ഡോ അജിമോള്‍, ഡോ ഡില്ല ഡേവിസ് എന്നിവര്‍ക്ക് സാധിക്കും എന്നുറച്ചു വിശ്വസിക്കാം.
https://forms.office.com/Pages/ResponsePage.aspx?id=QCm1Zbb0vUGDPTAz7Lz24cKkCfF3yENMkxSATb9aQpdUMURRME5OQVROU1FYQldQMEdXNVZCRzkxOS4u
യു.കെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ കാലികപ്രാധാന്യമുള്ള വിഷയത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെയാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നത്. യു.കെ മലയാളികളുടെ ചരിത്രത്താളുകളില്‍ ഇത്തരം മുന്നേറ്റങ്ങള്‍ എഴുതപ്പെടും എന്ന് ഈ ലേഖകന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഷാജി ജോസഫ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.