ഈശോ മിശിഹായും ഈസാ നബിയും തികച്ചും വ്യത്യസ്തർ : സീറോ മലബാർ സഭ വിശ്വാസപരിശീലന കമ്മീഷൻ

ഈശോ മിശിഹായും  ഈസാ  നബിയും തികച്ചും വ്യത്യസ്തർ : സീറോ മലബാർ സഭ വിശ്വാസപരിശീലന കമ്മീഷൻ

കൊച്ചി : ക്രൈസ്തവരുടെ ഈശോ മിശിഹായും ഖുറാനിൽ പരാമർശിക്കുന്ന ഈസാ  നബിയും തികച്ചും വ്യത്യസ്തരാണെന്നും മറിച്ചുള്ള പഠനങ്ങൾക്ക്  ക്രിസ്തീയതയുമായി ബന്ധമില്ല എന്നും സീറോ മലബാർ സഭ വിശ്വാസപരിശീലന കമ്മീഷൻ വ്യക്തമാക്കി. ഇതര മത വിശ്വാസങ്ങളെയും അവരുടെ ആചാരങ്ങളെയും ആദരവോടെ വിലയിരുത്തണം എന്ന നിലപാടാണ് സഭയ്ക്കുള്ളത്. ഇതര മത വിശ്വാസങ്ങളെ ഇകഴ്ത്തുന്ന പ്രവണതയിൽ നിന്നും ക്രൈസ്തവർ ബോധപൂർവ്വം അകന്നു നിൽക്കണം എന്നും പ്രസ്താവന ആവശ്യപ്പെടുന്നു .

പഴയ നിയമത്തിലെ യാഹ്‌വെയുമായി സാമ്യമുള്ള പരാമർശങ്ങൾ ഖുറാനിലെ ദൈവമായ അള്ളായെക്കുറിച്ചും കാണാമെങ്കിലും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ദൈവത്തെക്കുറിച്ചുള്ള ധാരണ ഒന്നാണെന്ന് പറയുക സാധ്യമല്ല . സ്നേഹവും കരുണയുമുള്ള  പിതാവായ ദൈവത്തെക്കുറിച്ച് അവിടുത്തെ പുത്രനായ ഈശോ നൽകിയ വെളിപ്പെടുത്തലുകൾക്ക് ഉപരിയായ മറ്റൊരു വെളിപാടും ക്രൈസ്തവ വിശ്വാസത്തിനു നിരക്കുന്നതല്ല. ത്രിയേക ദൈവത്തിലെ രണ്ടാം ആളായ പുത്രൻ തമ്പുരാനായ ഈശോ മിശിഹായും ഖുറാനിൽ പരാമർശിക്കുന്ന ഈസാ  നബിയും തികച്ചും വ്യത്യസ്തരായ വ്യക്തികൾ തന്നെ എന്ന് അസന്നിഗ്ധമായി പ്രസ്ഥാവിക്കുകയാണ് സീറോ മലബാർ സഭ.

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസാനബിയുടെ അമ്മയായ മിറിയാമും തമ്മിൽ പേരിൽ മാത്രമേ സാമ്യമുള്ളൂ . പരിശുദ്ധ മറിയം അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവും സ്വർഗ്ഗാരോപിതയുമാണ് . ഈ സത്യങ്ങൾ ഒന്നും ഖുറാനിലെ മിറിയാമിന് ചേരുന്നതല്ല.

പന്ത്രണ്ടാം ക്‌ളാസിലെ വേദപാഠപുസ്തകത്തിൽ വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉളവാക്കിയേക്കാവുന്ന പാഠഭാഗം വേണ്ട തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കമ്മീഷൻ അറിയിച്ചു. സീറോമലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ്‌ തോമസിൽ നിന്നും വിശാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്താണ് ബുധനാഴ്ച പ്രസ്താവന പുറത്തിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.