ആദ്യം ചെന്നിത്തല, തൊട്ടു പിന്നാലെ മുല്ലപ്പള്ളി; അഴിച്ചു 'പണി'യ്ക്കുള്ള ആദ്യ സൂചന നല്‍കി ഹൈക്കമാന്‍ഡ്

ആദ്യം ചെന്നിത്തല, തൊട്ടു പിന്നാലെ മുല്ലപ്പള്ളി; അഴിച്ചു 'പണി'യ്ക്കുള്ള ആദ്യ സൂചന നല്‍കി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചു പണിയ്ക്കുള്ള നീക്കം ഹൈക്കമാന്‍ഡ് തുടങ്ങി. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാന്‍ സാധ്യതയേറി.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായോ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം നല്‍കിയോ ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. പ്രതിപക്ഷ നേതാവായി വി.ഡി സതീശന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും വി.ഡി സതീശനാണ് സാധ്യത കൂടുതല്‍.

ഡല്‍ഹിയിലുള്ള പ്രവര്‍ത്തന പരിചയവും ഹിന്ദിയിലുള്ള പ്രാവീണ്യവും ചെന്നിത്തലയെ ദേശീയ നിരയിലേക്ക് കൊണ്ടുവരാനുള്ള അനുകൂല ഘടകമായി ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തന പരിചയമുള്ള ചെന്നിത്തലയ്ക്ക് ദേശീയ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്. ചെന്നിത്തലയ്ക്ക് തൊട്ടു പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മുല്ലപ്പള്ളിയും ഇറങ്ങേണ്ടി വരും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. കെ.മുരളീധരനും ഈ പദവിയിലേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു ആലോചന നിലവില്‍ ഇല്ലെന്നാണ് ചെന്നിത്തല ക്യാമ്പ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തല തുടരണമെന്നാണ് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ആഗ്രഹിക്കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേരള നേതാക്കളുടെ അഭിപ്രായം എത്രത്തോളം ഹൈക്കമാന്‍ഡ് പരിഗണിക്കും എന്നറിയില്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട് ഈ നേതാക്കള്‍ക്ക് എതിരായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി വലിയ പാഠമായി കാണണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കാര്യമില്ലെന്നും അവര്‍ യോഗത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തല ഭേദപ്പെട്ട പ്രകടനം നടത്തിയെന്ന് പാര്‍ട്ടിയില്‍ പൊതുവില്‍ വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും താരീഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വേറെയും ചില കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ കിട്ടിയില്ലെന്നും നേതാക്കള്‍ തമ്മിലുണ്ടായ ഭിന്നത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഭിന്നിച്ചു നില്‍ക്കുന്ന നേതാക്കളെ ഏകീകരിക്കാനുള്ള നീക്കം ചെന്നിത്തലയില്‍ നിന്നുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദുര്‍ബലമായ സംഘടനാ സംവിധാനം ശക്തമാക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല എന്നതാണ് റിപ്പോര്‍ട്ടില്‍ മുല്ലപ്പള്ളിക്കെതിരായ വിമര്‍ശനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.