കൈക്കുഞ്ഞുമായി കര്‍മനിരതയായ ഐഎഎസ് ഓഫീസര്‍; ഹൃദ്യം ഈ വീഡിയോ

കൈക്കുഞ്ഞുമായി കര്‍മനിരതയായ ഐഎഎസ് ഓഫീസര്‍; ഹൃദ്യം ഈ വീഡിയോ

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായതിനാല്‍ പലപ്പോഴും വിത്യസ്തങ്ങളായ നിരവധിക്കാഴ്ചകള്‍ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചില കാഴ്ചകള്‍ നമ്മെ അതിശയിപ്പിക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ വീഡിയോയാണ്. കൈക്കുഞ്ഞുമായി ഓഫീസിലെത്തിയ ഈ ഓഫീസറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്.  

ഉത്തര്‍പ്രദേശിലെ യുവ ഐഎഎസ് ഓഫീസറായ സൗമ്യ പാണ്ഡെയാണ് വീഡിയോയിലെ താരം. മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞിനെ കൈയിലെടുത്ത് ഹൃദയത്തോട് ചേര്‍ത്തു പിടിച്ചുകൊണ്ടാണ് ഇവര്‍ ജോലി ചെയ്യുന്നത്. മോദിനഗറിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് സൗമ്യ. ഫയലുകള്‍ നോക്കുമ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴുമെല്ലാം കൈക്കുഞ്ഞുമുണ്ട് സൗമ്യയുടെ മടിയില്‍. ഒരു അമ്മ മനസ്സിന്റെ സ്‌നേഹാര്‍ദ്രമായ പ്രതിഫലനം കൂടിയാണ് ഈ വീഡിയോ.  

ലോകത്തിന്റെ പലയിടങ്ങളിലുള്ള സ്ത്രീകള്‍ക്ക് കരുത്തും പ്രചോദനവും നല്‍കുന്ന സൗമ്യയുടെ വാക്കുകളും വീഡിയോയില്‍ കേള്‍ക്കാം. 'രാജ്യത്ത് കൊവിഡ് വ്യാപിച്ചതോടെ ഉത്തരവാദിത്വവും നന്നായി വര്‍ധിച്ചു. സ്ത്രീകള്‍ക്ക് ഒന്നിലധികം കഴിവുകള്‍ നല്‍കിയിട്ടുണ്ട് ദൈവം. കുഞ്ഞിനെ പരിപാലിച്ചുകൊണ്ടു തന്നെ എനിക്കെന്റെ ഡ്യൂട്ടിയും നിര്‍വഹിക്കാം. അതില്‍ എനിക്ക് പരാതിയോ പരിഭവമോ ഇല്ല. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവിക്കുന്ന ദിവസം വരേയും ജോലികള്‍ ചെയ്യാറുണ്ട്. പ്രസവാനന്തരം പല സ്ത്രീകളും വീട്ടുജോലികളും കുട്ടിയെ നോക്കലും ഒരുമിച്ചു തന്നെയാണ് ചെയ്യുന്നതും. ' സൗമ്യ പറയുന്നു.  

ആറ് മാസത്തോളം അവധിയെടുക്കാമെങ്കിലും മൂന്നാഴ്ച മാത്രം അവധിയെടുത്താണ് സൗമ്യ ജോലിക്കെത്തിയത്. ഒരു അമ്മയുടെ കര്‍ത്തവ്യവും ജോലിയും ഒരുപോലെ നിര്‍വഹിക്കുകയാണ് ഇവര്‍. ഗര്‍ഭകാലത്തും താന്‍ ജോലി ചെയ്യാറുണ്ടായിരുന്നു എന്നും ഇപ്പോഴും അത് തുടരുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും നിറ ചിരിയോടെയാണ് സൗമ്യ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.