'നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടെ'; ക്യാമ്പയിന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 'നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടെ'; ക്യാമ്പയിന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോഴിക്കോട്: കോണ്‍ഗ്രസിന് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ ശക്തമായ തിരിച്ചടിക്കു കാരണം അടിത്തട്ട് ദുര്‍ബലമായതുകൊണ്ടാണെന്നും അതുകൊണ്ട് ബൂത്തുതലം മുതല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ശക്തിപ്പെടുത്തണമെന്നുമുള്ള സാമൂഹിക മാധ്യമ ക്യാമ്പയിനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

'നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടേ' എന്ന നിര്‍ദേശവുമായി മുന്‍ കെ.പി.സി.സി. അംഗവും കോഴിക്കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണന്റെ മകന്‍ അംശുലാല്‍ പൊന്നാറത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ തുടക്കമിട്ട ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കെ.പി.സി.സി അംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ പിന്തുണയുമായി എത്തി. ഓരോ പ്രവര്‍ത്തകര്‍ക്കും കെ.പി.സി.സി പ്രസിഡന്റിന് ഓണ്‍ലൈന്‍ പരാതി നല്‍കാനുള്ള സൗകര്യത്തോടെയാണ് അംശുലാലിന്റെ ക്യാമ്പയിന്‍. ആയിരത്തോളം പേര്‍ പരാതി നല്‍കി. ക്യാമ്പയിനിനെ പിന്തുണയ്ക്കുന്നവര്‍ക്കായുള്ള 'മിഷന്‍ പരിവര്‍ത്തന്‍' എന്ന ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഏഴായിരത്തഞ്ഞൂറോളം ഫോളോവേഴ്സാണുണ്ടായിരിക്കുന്നത്.

ഗ്രൂപ്പ് മാനേജര്‍മാരാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതെന്നാണ് ക്യാമ്പയിനില്‍ പങ്കെടുത്ത കൂടുതല്‍ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ രീതിക്ക് മാറ്റംവരണം. തോറ്റുപോയത് പ്രസ്ഥാനത്തിനുവേണ്ടി ജയ് വിളിച്ച് നടന്ന പ്രവര്‍ത്തകരാണ്. എന്ന് ഗ്രൂപ്പുകളി മാറുന്നുവോ അന്നേ കോണ്‍ഗ്രസ് തിരിച്ചു വരികയുള്ളൂ തുടങ്ങിയ വിമര്‍ശനങ്ങളുമുയരുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇത്തരമൊരു കാമ്പയിന് തുടക്കമിടാന്‍ പ്രേരിപ്പിച്ചതെന്നും അംശുലാല്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.