ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാ തീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉന്നാവിലെ ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള നദീ തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ തെരുവു നായ്ക്കള്‍ കടിച്ചു പറിക്കുന്ന സ്ഥിതിയാണ്. യുപിയിലും ബിഹാറിലും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകള്‍ വീണ്ടും യു.പിയില്‍ നിന്നും വരുന്നത്.
ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാണോ, തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ചില മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫത്തേപ്പൂര്‍, റായ്ബറേലി, ഉന്നാവ് എന്നീ ജില്ലകളില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണ് ബക്‌സര്‍ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം.
മൃതദേഹങ്ങള്‍ ഇങ്ങനെ കൂട്ടത്തോടെ ഇവിടെ എത്തിയതെങ്ങനെ എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും സര്‍ക്കിള്‍ ഓഫീസറോടും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുപിയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും കുത്തനെ കൂടുന്ന പശ്ചാത്തലത്തില്‍, ഉന്നാവിലെ ഗംഗാ നദീതീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മിക്ക മൃതദേഹങ്ങളും ചിതയൊരുക്കിയാണ് സംസ്‌കരിക്കുന്നതെങ്കിലും ഇതിനുള്ള സൗകര്യമോ പണമോ ഇല്ലാത്തവരാണ് വേറെ വഴിയില്ലാതെ മൃതദേഹങ്ങള്‍ പുഴയിലൊഴുക്കി വിടുകയോ, മണലില്‍ കുഴിച്ചുമൂടുകയോ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മൃതദേഹങ്ങള്‍ കൊവിഡ് രോഗികളുടേതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. എത്ര മൃതദേഹങ്ങള്‍ ഇങ്ങനെ ലഭിച്ചു എന്നതില്‍ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.