കൊച്ചി: കഴിഞ്ഞ 60 വര്‍ഷക്കാലം കൊണ്ട് ഇന്ത്യ എന്തു നേടിയെന്ന ചോദ്യം ആവര്‍ത്തിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് നടപ്പാക്കിയ വികസന പദ്ധതികള്‍ അക്കമിട്ട് വിശദീകരിച്ച് മഹാരാഷ്ട്ര മുന്‍ ഡിജിപി ജൂലിയസ് റിബേറോ ഐ.പി.എസ്.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ 1947 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് വെറും പൂജ്യത്തില്‍ ചവിട്ടി നിന്നായിരുന്നുവെന്നും ബ്രിട്ടീഷുകാര്‍ വലിച്ചെറിഞ്ഞു പോയ കുറേ അവശിഷ്ടങ്ങള്‍ അല്ലാതെ ഇന്ത്യയില്‍ യാതൊന്നും ഇല്ലായിരുവെന്നും റിബേറോ തന്റെ കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഒരു സേഫ്റ്റി പിന്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ പോലും ഇന്ത്യയില്‍ അവശേഷിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മറക്കരുതെന്നും മുന്‍ ഡിജിപിയുടെ കുറിപ്പിലുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലെങ്ങും വൈറലായ കുറിപ്പിന്റെ പൂര്‍ണ രൂപം:
ബഹുമാന്യനായ പ്രധാനമന്ത്രി,
ലോകത്തിലെ ഏറ്റവും പ്രൗഢ മനോഹരമായ ഒരു രാജ്യത്തിന്റെ പൗരന്‍ എന്ന നിലയില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അങ്ങേ അറിയിക്കണമെന്ന് തോന്നുന്നു...
കഴിഞ്ഞ 60 വര്‍ഷക്കാലം ഇന്ത്യ എന്ന മഹാരാജ്യം എന്തുനേടിയെന്ന് സ്റ്റേജില്‍ കയറി നിന്ന് പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന അങ്ങ് ആക്രോശിച്ചിട്ട് യാതൊരു കാര്യവുമില്ല. സ്വന്തം മുഖത്തേക്ക് ചെളി വാരിയെറിയുന്നതിന് തുല്യമാണത്. ഈ രാജ്യത്തെ പൗരന്മാരെല്ലാം വിഡ്ഢികളും ചിന്തിക്കാന്‍ കഴിവില്ലാത്തവരും ആണെന്നാണോ അങ്ങ് ധരിച്ചു വെച്ചിരിക്കുന്നത്. 300 വര്‍ഷത്തിലേറെ ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലായിരുന്ന ഒരു രാജ്യമായിരുന്ന ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന ഒരു വ്യക്തിയാണ് അങ്ങ്.
ആ കാലയളവിലൊക്കെ ജനങ്ങളെല്ലാം അടിമകളെപ്പോലെ ആയിരുന്നു ജീവിച്ചിരുന്നത്. ആ കിരാത ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ 1947 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് വെറും പൂജ്യത്തില്‍ ചവിട്ടി നിന്നായിരുന്നു. ബ്രിട്ടീഷുകാര്‍ വലിച്ചെറിഞ്ഞു പോയ കുറേ അവശിഷ്ടങ്ങള്‍ അല്ലാതെ ഇന്ത്യയില്‍ യാതൊന്നും ഇല്ലായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഒരു സേഫ്റ്റി പിന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ പോലും ഇന്ത്യയില്‍ അവശേഷിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മറക്കരുത്.
ഇന്ത്യയിലാകെ 20 ഗ്രാമങ്ങളില്‍ മാത്രമായിരുന്നു വൈദ്യുതി ഉണ്ടായിരുന്നത് എന്ന് മറന്നു പോകരുത്. 20 രാജാക്കന്മാര്‍ക്ക് മാത്രമായിരുന്നു ടെലഫോണ്‍ സൗകര്യം ഉണ്ടായിരുന്നത്. ഇന്ത്യയിലൊട്ടാകെ ആകെ 10 ചെറിയ ഡാമുകള്‍ മാത്രം. കുടിവെള്ള സംവിധാനം ഉണ്ടായിരുന്നില്ല. ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. കൃഷിക്കാവശ്യമായ ജലസേചന സംവിധാനമോ വളങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാ ജനങ്ങള്‍ക്കും ആഹാരമോ ജോലിയോ ഉണ്ടായിരുന്നില്ല.
പട്ടിണിയും പരിവട്ടവും മാത്രമായിരുന്നു ഇന്ത്യയിലുടനീളം കാണാന്‍ സാധിച്ചിരുന്നത്. ശിശു മരണം നിത്യസംഭവമായിരിക്കുന്നു. അതിര്‍ത്തി കാക്കാന്‍ നാമമാത്രമായ കാവല്‍ ഭടന്മാര്‍. നാല് യുദ്ധ വിമാനങ്ങളും 20 ടാങ്കുകളും മാത്രമായി രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷയും ഇല്ലാതെ എല്ലാ അതിര്‍ത്തികളും തുറന്നു കിടന്ന ഒരു ഇന്ത്യാ മഹാരാജ്യം ആയിരുന്നു 1947 ല്‍ നമ്മുടേത്. അങ്ങ് അത് മറക്കരുത്. രാജ്യത്തെ അങ്ങോളമിങ്ങോളം ബന്ധിപ്പിക്കാന്‍ ആകെയുണ്ടായിരുന്നത് നാമമാത്രമായ റോഡുകളും പാലങ്ങളും മാത്രം.
നെഹ്‌റു അങ്ങനെ ഒരു ഇന്ത്യയിലേക്കാണ് ഭരിക്കാനായി എത്തിയത്. അങ്ങ് ചോദിച്ചല്ലോ 60 വര്‍ഷം കൊണ്ട് ഇന്ത്യ എന്ത് നേടി എന്ന്... അങ്ങയുടെ കൈകളില്‍ ഭരണം ഏല്‍പ്പിക്കുന്നതിനുമുമ്പ് തന്നെ ഇന്ത്യയുടേത് ലോകത്തെ ഏറ്റവും വലിയ കരസേനയായി. ആയിരക്കണക്കിന് യുദ്ധവിമാനങ്ങളും ടാങ്കുകളും ഇന്ത്യക്ക് സ്വന്തമായി. ലക്ഷക്കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നു വന്നു. 95 ശതമാനം ഗ്രാമങ്ങളും വൈദ്യുതികരിക്കപ്പെട്ടു. നൂറുകണക്കിന് വൈദ്യുത പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടു.
ഇന്ത്യാ മഹാരാജ്യത്തെ അങ്ങോളമിങ്ങോളം ബന്ധിപ്പിക്കാന്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകളോളം ദേശീയ പാതയും എണ്ണാന്‍ കഴിയാത്തത്ര മേല്‍പ്പാലങ്ങളും. പുതിയ റെയില്‍വെ പ്രോജക്ടുകള്‍, കായിക വികസന രംഗത്ത് രാജ്യത്ത് അങ്ങോളം ഇങ്ങോളം ധാരാളം സ്റ്റേഡിയം, ആരോഗ്യ വികസന രംഗത്ത് രാജ്യത്തുടനീളം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 90 ശതമാനം വീടുകളിലും ടെലിവിഷനുകള്‍, എല്ലാ പൗരന്മാര്‍ക്കും ടെലിഫോണുകള്‍.
ഇന്ത്യക്കുള്ളില്‍ ഉള്ളവര്‍ക്കും വിദേശികള്‍ക്കും ജോലി ചെയ്യാന്‍ ആവശ്യമായ കെട്ടിടങ്ങള്‍, ബാങ്കുകള്‍, യൂണിവേഴ്‌സിറ്റികള്‍, എഐഐഎംഎസ്, ഐഐഎംഎസ്, ഐഐടികള്‍ ആണവായുധങ്ങള്‍, അന്തര്‍വാഹിനികള്‍, ആണവനിലയങ്ങള്‍, ഐഎസ്ആര്‍ഒ, നവരത്‌ന പബ്ലിക് സെക്ടര്‍ യൂണിറ്റുകള്‍ തുടങ്ങി എന്തൊക്കെ ഇന്ത്യ നേടി എന്ന് അറിയണം സര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ കരസേന പാകിസ്ഥാനിലെ ലാഹോര്‍ വരെ കയറിപ്പോയി പാകിസ്ഥാനെ രണ്ടായി വിഭജിച്ചിട്ടുണ്ട് സര്‍. ഒരു ലക്ഷത്തോളം വരുന്ന പാകിസ്ഥാന്‍ സൈനികരും സൈനിക മേധാവികളും ഇന്ത്യന്‍ കരസേനയ്ക്ക് സറണ്ടര്‍ ആയിട്ടുണ്ട് സര്‍. ഇന്ത്യ മിനറലുകളും ആഹാര പദാര്‍ത്ഥങ്ങളും കയറ്റുമതി ആരംഭിക്കുകയും ഇന്ദിരാഗാന്ധി ബാങ്ക് നാഷണലൈസേഷന്‍ നടത്തുകയും ചെയ്തു. ഇന്ത്യയിലേക്ക് കമ്പ്യൂട്ടര്‍ കൊണ്ടുവരികയും ഇന്ത്യയ്ക്കും പുറത്തുമായി അനേകം ജോലി സാഹചര്യങ്ങള്‍ ഒരുങ്ങുകയും ചെയ്തു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ടാണല്ലോ അങ്ങ് പ്രധാനമന്ത്രിയായത്. അങ്ങ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യ ലോകത്തിലെ സമ്പദ് വ്യവസ്ഥയില്‍ പത്താം സ്ഥാനത്ത് ആയിരുന്നു സര്‍. അതുകൂടാതെ, ജിഎസ്എല്‍വി, മംഗള്‍യാന്‍, മോണോ റെയില്‍, മെട്രോ റെയില്‍, അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍, പൃഥ്വി മിസൈല്‍, അഗ്‌നി മിസൈലുകള്‍ നാഗ് മിസൈലുകള്‍, ആണവ അന്തര്‍വാഹിനികള്‍.... ഇവയൊക്കെ നേടിയെടുത്തത് അങ്ങ് പ്രധാനമന്ത്രി ആകുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് തന്നെയാണ് സര്‍.
കഴിഞ്ഞ 60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ഇന്ത്യയ്ക്കുവേണ്ടി എന്ത് നേടി എന്ന് ദയവു ചെയ്ത് ജനങ്ങളോട് ആക്രോശിക്കരുത് സര്‍. അങ്ങേയ്ക്ക് ജനങ്ങളോട് പറയാനുള്ളത് ആറര വര്‍ഷംകൊണ്ട് അങ്ങ് ഇന്ത്യയ്ക്ക് വേണ്ടി എന്ത് നേടി എന്നുള്ളത് മാത്രമാണ്. അങ്ങ് കുറെ നേടി സര്‍ ഇന്ത്യയ്ക്കു വേണ്ടി. വിമാനത്താവളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും റോഡുകളുടെയും ഒക്കെ പേരുകള്‍ അങ്ങയുടെ പേരില്‍ ആക്കി.
അങ്ങ് 3600 കോടിയില്‍പ്പരം രൂപ ചെലവഴിച്ച് ഒരു പ്രതിമയുണ്ടാക്കി. ചെലവഴിച്ച ആ തുക ഉപയോഗിച്ച് രാജ്യം മുഴുവന്‍ ആശുപത്രികളും ഓക്‌സിജന്‍ പ്ലാന്റുകളും ഉണ്ടാക്കി കൂടായിരുന്നോ എന്നത് ഒരു സാധാരണ പൗരന്റെ സംശയമാണ് സര്‍. അങ്ങ് കളിക്കുന്നത് ഗോമാതാ രാഷ്ട്രീയമാണ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം. വെടക്കാക്കി തനിക്കാക്കുക എന്ന തനി വൃത്തികെട്ട രാഷ്ട്രീയം.
500, 1000 നോട്ടുകള്‍ വേണ്ടത്ര കണക്കുകൂട്ടലുകള്‍ ഇല്ലാതെ നിര്‍ത്തലാക്കിയത് വഴി അങ്ങ് ആദ്യം പരാജയപ്പെടുകയല്ലേ ഉണ്ടായത് സര്‍. ഈ നോട്ടുകള്‍ മാറ്റിയെടുക്കാനായുള്ള നീണ്ട ക്യുകളില്‍ പെട്ട എത്രയോ ജീവനാണ് സര്‍ നഷ്ടപ്പെട്ടത്. യാതൊരുവിധ തയ്യാറെടുപ്പുകളും ഇല്ലാതെ കൊണ്ടുവന്ന ജിഎസ്ടി എന്ത് നേട്ടമാണ് സര്‍ രാജ്യത്തിന് ഉണ്ടാക്കിക്കൊടുത്തത്.
കോണ്‍ഗ്രസ് കൊണ്ടുവന്ന എഡിഐയെ (ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ്) എതിര്‍ത്ത കപട ഭക്തരും അന്ധരുമായ ബിജെപിക്കാര്‍ നാണമില്ലാതെ ഇപ്പോള്‍ അതിനെ അനുകൂലിക്കുകയല്ലേ ചെയ്യുന്നത്. അംബാനിക്കും അദാനിക്കുമായി ഇന്ത്യയെ വില്‍ക്കുകയല്ലേ സര്‍ ബിജെപി ചെയ്യുന്നത്. ഗവണ്‍മെന്റ് സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്ന് വെറും രണ്ടുമാസം പ്രായമായ അംബാനിയുടെ കമ്പനിക്ക് റഫേല്‍ ഇടപാട് നടത്തി കൊടുത്തതല്ലേ ഇന്ത്യക്ക് വേണ്ടിയുള്ള സാറിന്റെ നേട്ടം.
ക്രൂഡോയിലിന്റെ വില ലോകവിപണിയില്‍ കുറഞ്ഞു കൊണ്ടിരുന്നപ്പോഴും നികുതി വര്‍ധിപ്പിച്ച് പെട്രോളിനും ഡീസലിനും എല്‍പിജി ക്കും അങ്ങ് വില വര്‍ദ്ധിപ്പിച്ചില്ലേ. 1,771 കോടിരൂപ എസ്ബിഐയിലേക്ക് നേടിയെടുത്തതാണ് അങ്ങയുടെ ഭരണ നേട്ടം. അതെങ്ങനെ ആയിരുന്നു എന്നും കൂടെ സാധാരണക്കാര്‍ അറിയണം.
മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യയിലെ സാധാരണക്കാരില്‍ സാധാരണക്കാരായവരെ കൊണ്ട് എസ്ബിഐയില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് മിനിമം ബാലന്‍സ് ഇല്ലെന്നു പറഞ്ഞു പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി എസ്ബിഐയിലേക്ക് 1,771 കോടി രൂപ അങ്ങ് നേടിയെടുത്തു. വികാസ് നടപ്പിലാക്കാന്‍ പോകുന്നത് അമിത് ഷായുടെ മകനുവേണ്ടി അല്ലേ സര്‍. അതു മാത്രമല്ലല്ലോ... ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ഭീമമായ തുക സംഭാവന ചെയ്യുന്നവരായ അംബാനി, അദാനി, ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് തുടങ്ങിയവര്‍ക്കും കൂടി ആണല്ലോ വികാസ് നടപ്പിലാക്കാന്‍ പോകുന്നത്.
ഗംഗാനദി ശുദ്ധമാക്കാനായി ബിജെപി ചെലവഴിച്ചത് 3000 കോടി രൂപ. അമ്മയുടെ മുലപ്പാല്‍ കുടിച്ച ഏതൊരാള്‍ക്കും ഗംഗാനദിയില്‍ ഒന്നു മുങ്ങിയാല്‍ മനസിലാകും അങ്ങ് ഉള്‍പ്പെടുന്ന ബിജെപി ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാക്കിവെച്ച ബാധ്യതയും അഴിമതിയും. ഗംഗയില്‍ മുങ്ങിത്താണ അങ്ങയുടെ ശരീരം മുഴുവനും മലിനജലവും കുംഭകോണവും ഗ്രീസും ആണ് സര്‍.
എഴുതിയതൊക്കെയും കോണ്‍ഗ്രസിന്റെ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്ന വാക്കുകളൊന്നുമല്ല സര്‍. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുഭാവിയും അല്ല. കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യ ഒന്നും നേടിയില്ല എന്ന് ഇപ്പോഴുള്ള സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ അത് എന്റെ വ്യക്തിത്വത്തിനെ തന്നെ ആക്ഷേപിക്കുന്നതായതു കൊണ്ട് വിവേകവും തിരിച്ചറിവും വോട്ടവകാശവുമുള്ള ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല സര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.