കാലടി പള്ളിക്ക്  മുമ്പിലുണ്ട് കാരുണ്യത്തിന്റെ കലവറ

കാലടി പള്ളിക്ക്  മുമ്പിലുണ്ട് കാരുണ്യത്തിന്റെ കലവറ

കാലടി: ' ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്.' കാലടി സെന്റ് ജോര്‍ജ് പള്ളിയുടെ മുമ്പിലെത്തിയാല്‍ ഇങ്ങനെയെഴുതിയ ബോര്‍ഡ് കാണാം. അതിനടുത്ത് ധാരാളം ഭക്ഷ്യ വിഭവങ്ങളും. അളന്നു തൂക്കി തരാനോ, പണം വാങ്ങാനോ ആരും ഉണ്ടാവില്ല. ആവോളം എടുത്തുകൊണ്ടുപോകാം, വിശപ്പകറ്റാം, ആര്‍ക്കും പണം നല്‍കേണ്ടതില്ല.

ലോക്ക്ഡൗണില്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കു സാധാരണക്കാരും പാവങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലാണു പള്ളിയ്ക്കു മുമ്പില്‍ വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിവച്ചത്. കപ്പ, നേന്ത്രക്കായ, നാളികേരം, ചക്ക, മാങ്ങ, വിവിധ പച്ചക്കറികള്‍ എന്നിവയെല്ലാം വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. വികാരിയുടെ നിര്‍ദേശപ്രകാരം സുമനസുകള്‍ പള്ളിയിലെത്തിക്കുന്നതാണ് കൂടുതല്‍ സാധനങ്ങളും. ബാക്കിയുള്ളവ പള്ളിയില്‍ നിന്നു പണം കൊടുത്തു വാങ്ങിവയ്ക്കും.

പള്ളിയ്ക്കു മുമ്പില്‍ നിന്നു ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ ആവശ്യക്കാര്‍ നിരവധി പേരാണ് വരുന്നതെന്നു ഫാ. പുതുവ പറഞ്ഞു. അതിനനുസരിച്ചു വീടുകളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നവരും നിരവധി. നാനാജാതി മതസ്ഥര്‍ ഈ കാരുണ്യപ്രവര്‍ത്തനത്തോടു കൈകോര്‍ക്കുന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശീലങ്ങളിലൂടെ കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും ദുരിതനാളുകളെ അതിജീവിക്കുന്നതിനുള്ള പരിശ്രമമാണു പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ലോക്ക്ഡൗണില്‍ കാലടി പള്ളിയുടെ മുമ്പില്‍ ക്രമീകരിച്ച 'അക്ഷയപാത്രം' പദ്ധതിയിലൂടെയും നൂറുകണക്കിനാളുകള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ നല്‍കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.