സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളില്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രില്‍ മാസം നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ സിബിഎസ്ഇ നീട്ടിവച്ചത്. ജൂണ്‍ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുന്‍പ് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ബോര്‍ഡിന്റെ മറ്റൊരു പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ നാലിരട്ടിയിലധികം കോവിഡ് വ്യാപനമാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. അടുത്ത രണ്ട് മാസമെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ അധികമായ ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐസിഎംആര്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ മാര്‍ക്ക് എങ്ങനെ നല്‍കണമെന്ന കാര്യത്തിലും സിബിഎസ്ഇ ഉടന്‍ തീരുമാനമെടുക്കും. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോള്‍ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാര്‍ക്കു നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ തൃപ്തിയില്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാമെന്ന നിര്‍ദേശവും സിബിഎസ്ഇ മുന്നോട്ട് വച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.