സിഡ്‌നിയിലെ വിവാദമായ കൊലപാതകക്കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ്

സിഡ്‌നിയിലെ വിവാദമായ കൊലപാതകക്കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ്

സിഡ്‌നി: ഓസ്ട്രലിയന്‍ നഗരമായ സിഡ്‌നിയിലെ വിവാദമായ കൊലപാതകക്കേസില്‍ പ്രതി മെര്‍ട്ട് നെയ്ക്ക് 44 വര്‍ഷം തടവ്. 2019 ല്‍ സിഡ്‌നി സ്വദേശിനി മിഷേല ഡന്നിനെ (24) അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു സ്ത്രീയെ പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് വിധി. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും 33 വര്‍ഷം വരെ പരോള്‍ അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്. ക്രൂരവും ഭയാനകവുമായ കൊലപാതകമാണിതെന്നും 22 വയസുകാരനായ കുറ്റവാളി അപകടകരമായ മാനസികാവസ്ഥയുള്ള വ്യക്തിയാണെന്നും വിധി പ്രസ്താവിച്ച ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതി ജസ്്റ്റിസ് പീറ്റര്‍ ജോണ്‍സണ്‍ വിശേഷിപ്പിച്ചു.

2019 ഓഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം. സിഡ്‌നി സിബിഡി ക്ലാരന്‍സ് സ്ട്രീറ്റില്‍, യുവതി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലായിരുന്നു കൊലപാതകം. കത്തിയുമായി എത്തിയ പ്രതി യുവതിയെ തുടരെത്തുടരെ കുത്തിക്കൊലപ്പെടുത്തിയശേഷം അക്രമരംഗങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന അവിടെനിന്നു രക്ഷപ്പെട്ട് നിരത്തിലൂടെ ഓടിയ പ്രതി തീവ്രവാദ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കത്തി വീശി നഗരത്തെയാകെ ഭീതിയിലാഴ്ത്തുകയും ചെയ്തു. ഇതിനിടെ ഒരു സ്ത്രീയെ പിന്നില്‍നിന്നു കുത്തുകയും മറ്റൊരു സ്ത്രീയെ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ വന്നവര്‍ക്കു നേരേ കത്തി വീശി. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പാല്‍ സൂക്ഷിക്കുന്ന ട്രേയും കസേരയും ഉപയോഗിച്ച് പ്രതിയെ തടയാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് പ്രതിയെ ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു.



സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ പ്രതി തീവ്രവാദ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടെങ്കിലും താന്‍ തീവ്രവാദിയല്ലെന്ന് മെര്‍ട്ട് അവകാശപ്പെട്ടു. തീവ്രവാദിയുടെ ശരീര ഭാഷ മെര്‍ട്ടിനുണ്ടെന്നും മതപരമായ തീവ്രവിശ്വാസങ്ങള്‍ അയാള്‍ വച്ചുപുലര്‍ത്തുന്നതായും കോടതി വിലയിരുത്തി. ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും പ്രതിയെ സ്വാധീനിച്ചിട്ടുണ്ട്. അക്രമാസക്തമായ ഇന്ററാക്ടീവ് ഗെയിമുകളുടെ ഫാന്റസി ലോകത്ത് അഭിരമിച്ച വ്യക്തി ആയിരുന്നെന്നും ജസ്റ്റിസ് ജോണ്‍സണ്‍ പറഞ്ഞു. പ്രതിയുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ശിക്ഷയില്‍ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. 2052 ഓഗസ്റ്റില്‍ 53 വയസുള്ളപ്പോള്‍ മാത്രമേ പ്രതിക്ക് ഇനി പുറത്തിറങ്ങാനാകൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.