സിപിഐക്ക് നാല് മന്ത്രിമാര്‍; പുതുമുഖങ്ങള്‍ക്കൊപ്പം സിപിഎമ്മിലെ നാല് മന്ത്രിമാര്‍ തുടര്‍ന്നേക്കും

സിപിഐക്ക് നാല് മന്ത്രിമാര്‍; പുതുമുഖങ്ങള്‍ക്കൊപ്പം സിപിഎമ്മിലെ നാല് മന്ത്രിമാര്‍ തുടര്‍ന്നേക്കും

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പുതുമുഖങ്ങള്‍ക്കൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലര്‍ക്കും അവസരം ലഭിച്ചേക്കും. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ.ഷൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണന്‍, എം.എം.മണി തുടങ്ങിയവര്‍ തുടരാനാണ് സാധ്യത. എ.സി.മൊയ്തീനും തുടര്‍ന്നേക്കും.

കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ ഏതാണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ചു. വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, ജെ.ചിത്തരഞ്ജന്‍, വി.അബ്ദുറഹിമാന്‍ എന്നിവര്‍ സാധ്യതാ പട്ടികയിലാണ്.

സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം നല്‍കാന്‍ ധാരണയായി. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനല്‍കും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്തും. എകെജി സെന്ററില്‍ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച ധാരണയായതായാണ് റിപ്പോര്‍ട്ട്. വകുപ്പുകള്‍ വച്ചുമാറുന്നതില്‍ ചര്‍ച്ചകള്‍ തുടരും. തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുമ്പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് സിപിഎം - സിപിഐ ധാരണ ഉണ്ടായേക്കും. 21 അംഗ മന്ത്രിസഭയില്‍ സിപിഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സ്പിക്കര്‍ സ്ഥാനവും ലഭിക്കും.

ഒറ്റ എംഎല്‍എ മാത്രമുള്ള കക്ഷികളുമായി മറ്റന്നാള്‍ സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്തും. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം പങ്കിട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. രണ്ടര വര്‍ഷം വീതം ഇരുകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

അന്റണി രാജുവിന് അഞ്ച് വര്‍ഷവും മന്ത്രി സ്ഥാനം നല്‍കി ഐഎന്‍എല്ലിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ രണ്ട് മന്ത്രിസ്ഥാനം ചോദിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. റവന്യു വകുപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ്-ബി പ്രതിനിധി കെ.ബി ഗണേഷ് കുമാറും ഇത്തവണ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനം ലഭിച്ച കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകാന്‍ ഇടയില്ല. മെയ് 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.