മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ

മെഡിക്കൽ അവശ്യവസ്തുക്കൾക്ക്  വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ചില വസ്തുക്കള്‍ വില്‍ക്കാവുന്നതിന്‍റെ പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവായി. കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് ഉത്തരവായതായി മുഖ്യമന്ത്രി അറിയിച്ചു. ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 3.90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്കിന് 80 രൂപ, ഓക്സിജന്‍ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ.

ഓക്സിജന്‍ കാര്യത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് കാണുന്നതെന്നും പുറത്തു നിന്നുള്ള ഓക്സിജന്‍റെ വരവ് അടുത്ത ദിവസങ്ങളില്‍ കൂടും എന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രം അനുവദിച്ച ഓക്സിജന്‍ എക്സ്പ്രസ് വഴി 150 മെട്റിക് ടണ്ണും മറ്റ് മൂന്ന് സ്ഥലങ്ങളില്‍ നിന്ന് വേറെയും ലഭ്യമാവുന്നതോടെ പ്രശ്നം വരില്ല. കപ്പൽ മാർഗം ഇറക്കുന്നുമുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൃദ്ധസദനം, ആദിവാസി കോളനികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അംബുലന്‍സ് ഡ്രൈവര്‍മാരിൽ വാക്സിൻ എടുക്കാത്തവർക്കും അടിയന്തരമായി വാക്സിനേഷന്‍ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റി വെക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ജില്ലാ ഭരണസംവിധാനം പരിശോധിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.