മഹാരാഷ്ട്രയിൽ കോവിഡ് മരണങ്ങള്‍ കൂടുന്നു; ഇന്നലെ മരിച്ചത് 960 പേര്‍

മഹാരാഷ്ട്രയിൽ കോവിഡ് മരണങ്ങള്‍ കൂടുന്നു; ഇന്നലെ മരിച്ചത് 960 പേര്‍

മുംബൈ∙ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും മഹാരാഷ്ട്രയിൽ മരണ നിരക്ക് മുകളിലേക്കു തന്നെ. ഇന്നലെ 960 കോവിഡ് മരണങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ പ്രതിദിനം 60,000ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിൽ ഇപ്പോൾ രോഗം ബാധിക്കുന്നവരുടെ എണ്ണം 40,000ൽ താഴെയാണ്. ഇന്നലെ 34,898 പേർക്കാണ് രോഗബാധയുണ്ടായത്.

വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ 695 പേരാണ് മരിച്ചത്. ശനിയാഴ്ച അത് 960 ആയി ഉയർന്നു. ശനിയാഴ്ച 59,073 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. ശനിയാഴ്ചത്തെ കണക്കു പ്രകാരം പോസിറ്റിവിറ്റി റേറ്റ് 17.33 ശതമാനമാണ്. മഹാരാഷ്ട്രയിൽ പുണെയിലാണ് രോഗവ്യാപനം കൂടുതൽ. ഇന്ന് 5,371 പുതിയ കേസുകളും 52 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. സോലാപൂരിൽ 2,278 കേസുകളും 77 മരണങ്ങളുമുണ്ടായി.

കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയിലെ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ശനിയാഴ്ച 1,447 പേർക്കു മാത്രമാണ് മുംബൈയിൽ കോവിഡ് പോസിറ്റീവ് ആയത്. അതേസമയം മുംബൈയിൽ രോഗം ബാധിച്ച് മരിച്ചത് 62 പേരാണ്. നാഗ്പൂരിൽ 24 മണിക്കൂറിനിടെ 144 പേർ കോവി‍ഡ് ബാധിച്ചുമരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.